CrimeNEWS

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ മൂലസ്ഥാനം തകര്‍ത്തു; റിമാന്‍ഡിലായ പ്രതി മാനസിക രോഗിയെന്ന് റിപ്പോര്‍ട്ട്

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ശ്രീകുരുംബയമ്മയുടെ മൂലസ്ഥാന ക്ഷേത്രത്തിന് നേരെ മാനസിക രോഗിയുടെ ആക്രമണം. വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകര്‍ത്തു. അക്രമം നടത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശി പൊടിത്തറക്കുഴി കിഴക്കേത്തറ പുത്തന്‍വീട്ടില്‍ രാമചന്ദ്രനെ(43) പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കൊടുങ്ങല്ലൂര്‍ നഗരസഭാ പ്രദേശത്ത് ഹര്‍ത്താല്‍ നടത്തി.

തെക്കെ നടയില്‍ പഴയ മുനിസിപ്പല്‍ ഓഫീസിന് സമീപമുള്ള കുരുംബയമ്മയുടെ ക്ഷേത്രത്തിന് നേരെ ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണം. ക്ഷേത്രത്തിന്റെ സ്റ്റെയിന്‍ ലെസ് സ്റ്റീല്‍ കൊണ്ടുള്ള വാതിലിന്റെ താഴ് തകര്‍ത്ത് അകത്തു കയറിയ അക്രമി ഇരുമ്പ് ദണ്ഡ് കൊണ്ട് കരിങ്കല്‍ വിഗ്രഹവും, ദീപസ്തംഭവും അടിച്ചു തകര്‍ക്കുകയായിരുന്നു.

Signature-ad

സംഭവം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ക്ഷേത്രത്തിനകത്ത് ഇരിക്കുകയായിരുന്ന അക്രമി പോലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ഇയാള്‍ പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടിയിളക്കി. കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ബൈപ്പാസ് റോഡില്‍ പെട്ടിക്കട തുടങ്ങുന്നതിനായി സുഹൃത്തിനൊടൊപ്പമായിരുന്നു രാമചന്ദ്രന്‍ കൊടുങ്ങല്ലൂരില്‍ എത്തിയത്. രണ്ടാഴ്ച്ചയായി കൊടുങ്ങല്ലൂരില്‍ തന്നെയായിരുന്നു താമസം. രാമചന്ദ്രന്‍ മുമ്പ് മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നതായി പോലീസ് പറഞ്ഞു.

Back to top button
error: