കുഞ്ഞൻ വെള്ളരിക്ക അഥവാ കോവയ്ക്ക പ്രമേഹത്തിന് ദിവൗഷധം
ഡോ.വേണു തോന്നക്കൽ
ഈ കുഞ്ഞൻ വെള്ളരിക്കയെ എല്ലാവർക്കുമറിയാം. കോവയ്ക്ക എന്നാണ് ശരിയായ പേര്. ഇതിന് കുഞ്ഞൻ വെള്ളരിക്ക എന്ന ഒരു പേരില്ല. വെള്ളരിക്കയുടെ രൂപവും നിറവും കൊണ്ട് അങ്ങനെ വിളിച്ചെന്നു മാത്രം. തീരെ ചെറിയ ഒരു ഫലമാണിത്.
ഏഷ്യൻ ആഫ്രിക്കൻ പ്രദേശങ്ങളിൽ ജന്മം കൊണ്ട ഈ ഫലത്തിനെ ഇംഗ്ലീഷുകാർ Ivy Gourd എന്നാണ് വിളിക്കുന്നത്. ഇവയ്ക്ക് ഒരു ശാസ്ത്രീയ നാമം കൂടിയുണ്ട്, Coccinia grandis. വെള്ളരിക്ക കുടുംബത്തിലെ (Cucurbitaceae family) ഒരംഗമാണിത്..
പ്രമേഹ രോഗത്തിനുള്ള ഔഷധം എന്ന് പേരിലാണ് കോവയ്ക്ക കമ്പോളത്തിൽ ഏറെ വിറ്റു പോകുന്നത്. ഒന്നു മനസ്സിലാക്കുക, കോവയ്ക്ക ചെടിയുടെ ഇലയിലെ ചില രാസ ഘടകങ്ങളാണ് പ്രമേഹത്തിന് എതിരെ പ്രവർത്തിക്കുന്നത്.
പഞ്ചസാര മണികളുടെ മെറ്റബോളിസത്തിൽ ഇതിലെ ചില തന്മാത്രകൾ പങ്കാളിയാവുന്നു. അപ്രകാരമാണ് ഇത് പ്രമേഹ രോഗത്തിൻ്റെ ശത്രുവായത്.
പ്രമേഹ രോഗം അവിടെ നിൽക്കട്ടെ . കുഷ്ഠം, പനി, ആസ്തമ, ബ്രോങ്കൈറ്റിസ്, മഞ്ഞുനോവ് , ചൊറി ചുണങ്ങുകൾ, അസ്ഥിരോഗങ്ങൾ, ഗൊണേറിയ, മലബ ന്ധം, വ്രണം തുടങ്ങിയ രോഗങ്ങൾക്ക് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത് പാരമ്പരാഗതമായി ചികിത്സക്ക് ഉപയോഗിക്കുന്നു.
ഈ ചികിത്സകൾക്ക് ഒന്നിനും ശാസ്ത്രീയ പരിരക്ഷ ഇല്ല. അഭ്യസ്തവിദ്യരായ നാം പോലും മണ്ടൻ ചികിത്സയുടെ പിറകെ പോകുമ്പോൾ വിദ്യാഭ്യാസം ഇല്ലാത്ത സാധാരണ ഗ്രാമീണർ ഇത്തരം ചികിത്സകൾ നടത്തുന്നതിൽ എന്തത്ഭുതം…?
രോഗങ്ങളെ കുറിച്ച് വ്യാകുപ്പെടേണ്ട. തൽക്കാലം അതവിടെ നിൽക്കട്ടെ . ഇത് നല്ലൊരു മലക്കറിയാണ്. സാധാരണ മലക്കറിയിൽ കാണപ്പെടു ന്ന സകല പോഷകാംശങ്ങളും ഇതിലുണ്ട്. ജീവകം എ, കാൽസ്യം എന്നിവ കുറച്ച് അധികവും ഉണ്ട് . ബീറ്റ കരോട്ടിന്റെ നല്ലൊരു സ്രോതസ്സാണ് .
ഇതുപയോഗിച്ച് അച്ചാർ ഉൾപ്പെടെ ധാരാളം വിഭവങ്ങൾ ഉണ്ടാക്കുന്നുണ്ട്. അവയെക്കുറിച്ച് പാചക വിദഗ്ധർ തന്നെ പറയട്ടെ. ആരു പാചകം ചെയ്താലും അധികം വേകാതെ പാത്രം അടച്ച് വച്ച് വേവിക്കണം.
കോവയ്ക്ക മാത്രമല്ല ഇതിൻ്റെ ഇലയും കറികൾക്ക് ഉപയോഗിക്കുന്നു. പഴുത്ത കോവയ്ക്കക്ക് തിളങ്ങുന്ന ചുവപ്പു നിറമാണ്. പച്ച കോവയ്ക്കയും പഴുത്ത കോവയ്ക്കയും പാചകം ചെയ്യാതെ തന്നെ നേരിട്ട് കഴിക്കാവുന്നതാണ്.
ഈ ചെടിക്ക് വലിയൊരു പ്രത്യേകതയുണ്ട്. ഇത് വളരെ വേഗം വളരുന്നു. അതിനാ ൽ പെട്ടെന്ന് കായ് ഫലം തരുന്നു. ചെടിച്ചട്ടിയിൽ വരാന്തയിൽ പോലും നട്ടു നനക്കാം. വേലിയിലും വേലിയായും വളർ ത്താം. അങ്ങനെ യാതൊരു ബുദ്ധിമുട്ടും ചെലവും ഇല്ലാതെ മാലിന്യമുക്തമായ സദ്യ ഒരുക്കാം. വീടിന് ഒരു മതിലുമായി .
മറ്റൊരു കാര്യം കൂടി. ഇവ വളരെ വേഗം വളരും എന്നു പറഞ്ഞല്ലോ. അങ്ങനെ വളർന്നു സഹ സസ്യങ്ങളുടെ നിലനിൽപ്പിന് ഭീഷണി ആവാറുണ്ട്. ഇതിൽ നിന്നെന്ത് മനസ്സിലായി…? ഇത് ഒരു കളയാണ്. അങ്ങനെയും ചില രാജ്യങ്ങൾ കരുതുന്നു. കാർഷികസസ്യങ്ങളുടെ വഴിമുടക്കികളാണ് കളകൾ. ഇവയെ നശിപ്പിക്കാൻ ചില രാജ്യങ്ങളിൽ പ്രോജക്ടുകൾ തന്നെയുണ്ട്.
ഒരു കളയുടെ സ്വഭാവം കൂടി ഉള്ളതിനാൽ അധിക പരിരക്ഷ ഇല്ലാതെ ചിലവില്ലാതെ നമുക്ക് മലക്കറി കൊയ്തു കൂട്ടാം. അപ്പോൾ പിന്നെ ഒരു കോവയ്ക്ക ചെടി നടാം. അല്ലേ…?