IndiaNEWS

5 മനുഷ്യ ജീവനുകളെടുത്ത പുലിയെ കണ്ടാലുടൻ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്

  വയനാടിനോട് ചേര്‍ന്നു കിടക്കുന്ന മൈസൂറു വനമേഖലയില്‍ അഞ്ചു പേരെ കൊലപ്പെടുത്തിയ പുലിയെ കണ്ടാലുടൻ വെടിവെച്ചു കൊല്ലാന്‍ മൈസൂറു ജില്ല ഡെപ്യൂടി കമീഷണര്‍ ഡോ. കെവി രാജേന്ദ്ര ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബര്‍ 31 മുതല്‍ ഈ വെള്ളിയാഴ്ച വരെയുള്ള മൂന്ന് മാസങ്ങള്‍ക്കിടയിലാണ് അഞ്ചു ജീവനുകള്‍ പൊലിഞ്ഞത്.

മാനന്തവാടിയുമായി അതിര്‍ത്തി പങ്കിടുന്ന എച്ച്.ഡി കോട്ട ബല്ലെ ആന സങ്കേത പരിസരത്ത് പട്ടിക വര്‍ഗ കോളനിയിലെ കാളന്റേയും പുഷ്പയുടേയും മകന്‍ മഞ്ചു (18) കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലപ്പെട്ടതോടെയാണ് അധികൃതര്‍ ഉണര്‍ന്നത്. കോളനി നിവാസികള്‍ സംഘടിച്ച് റോഡ് തടയല്‍, വനം ഓഫീസ് മാര്‍ച്ച് തുടങ്ങിയ പ്രതിഷേധ സമരങ്ങൾ നടത്തി. ആന സങ്കേതം സന്ദര്‍ശിക്കാന്‍ പ്രതിദിനം വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എത്തുന്ന സ്ഥലമാണ് ബല്ലെ. വെള്ളിയാഴ്ചയും മഞ്ജു ഉള്‍പെടെ കുട്ടികള്‍ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.

അതു കഴിഞ്ഞ് ഉച്ചയ്ക്ക് ഒന്നരയോടെ വനപാലകരുടെ പാര്‍പ്പിടത്തിന് പിന്നില്‍ ഇരിക്കുമ്പോഴാണ് പുലി മഞ്ചുവിനെ അക്രമിച്ച് വലിച്ചിഴച്ചത്. വനപാലകര്‍ പുലിയെ ഓടിച്ചെങ്കിലും മഞ്ജു മരിച്ചിരുന്നു. മഞ്ചുനാഥ് (20), മേഘന (22), സിദ്ധമ്മ (60), ജയന്ത് (11) എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. പുലിയെ കണ്ടെത്താന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. മാലതി പ്രിയ പറഞ്ഞു.

Back to top button
error: