മുംബൈ: അച്ഛൻ മരിച്ചതോടെ ഒറ്റയ്ക്കായ അമ്മയെ സമൂഹം ഒറ്റപ്പെടുത്തുന്നു, പോംവഴി ആലോചിച്ച മകനു മുന്നിൽ തെളിഞ്ഞത് വിവാഹമെന്ന മാർഗം ! നാട്ടുകാരും വീട്ടുകാരും എന്തു പറയുമെന്നു തല പുകയ്ക്കാതെ അമ്മയുടെ പുനർ വിവാഹം നടത്തിയ മകന്റെ വാർത്തയാണ് മഹാരാഷ്ട്രയിലെ കോലാപൂരിൽ നിന്നു പുറത്തുവരുന്നത്. യുവരാജ് ഷീലെ എന്ന 23കാരനാണ് തന്റെ 45കാരിയായ അമ്മ ര്തനയുടെ പുനര്‍വിവാഹം നടത്തിയത്. വിധവകള്‍ സമൂഹത്തില്‍ നേരിടുന്ന വിവേചനത്തില്‍ നിന്ന് തന്റെ അമ്മയെ രക്ഷിക്കാനായാണ് മുന്‍കൈയെടുത്ത് പുനര്‍വിവാഹം നടത്തിയതെന്ന് യുവരാജ് ഷീലെ പറഞ്ഞു.
വിശ്വാസങ്ങള്‍ മുറുകെപ്പിടിച്ചു ജീവിക്കുന്ന കോലാപ്പൂരിൽ, അമ്മയെ കൊണ്ട് പുനര്‍വിവാഹം കഴിപ്പിക്കുക എന്നത് ഒട്ടം എളുപ്പമായിരുന്നില്ല. ചില കൂട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്താല്‍ യുവരാജ് അന്വേഷണം ആരംഭിച്ചു. ‘ഭാഗ്യംകൊണ്ട് മാരുതി ഗണ്‍വത് എന്നയാളെ വരനായി കണ്ടെത്താന്‍ സാധിച്ചു. ആദ്യം അമ്മയ്ക്ക് വിവാഹത്തിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ നിരന്തരം നിര്‍ബന്ധിച്ചപ്പോള്‍ അമ്മ സമ്മതിക്കുകയായിരുന്നു’ – യുവരാജ് പറഞ്ഞു.
‘കുറച്ചു വര്‍ഷമായി ഒറ്റയ്ക്കാണ് ഞാന്‍ താമസിക്കുന്നത്. രത്നയെ കണ്ടു സംസാരിച്ചതിന് ശേഷം ഒരു കുടുംബമായി താമസിക്കാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. മരിച്ചുപോയ ഭര്‍ത്താവിനെ മറക്കുക എന്നത് രത്നയെ സംബന്ധിച്ച് പ്രയാസമായിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു’- മാരുതി ഗണ്‍വത് പറഞ്ഞു. ‘പുനര്‍വിവാഹത്തെ ആദ്യം ഞാന്‍ എതിര്‍ത്തിരുന്നു. ഭര്‍ത്താവിനെ മറക്കാന്‍ ഞാന്‍ തയ്യാറാല്ലായിരുന്നു. എന്നാല്‍, സമൂഹത്തിന്റെ ഒറ്റപ്പെടുത്തലിനെ കുറിച്ച് ആലോചിച്ചതിന് ശേഷം, പുനര്‍വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.’- യുവരാജിന്റെ അമ്മ രത്ന പറഞ്ഞു. വിധവമാര്‍ക്ക് സാമൂഹിക അയിത്തം പ്രഖ്യാപിക്കുന്ന പ്രവണത ഒഴിവാക്കാനായി മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വിധവകളെ ചടങ്ങുകളിലും മറ്റും പങ്കെടുപ്പിക്കാതിരിക്കുന്നത് നിര്‍ത്തലാക്കാന്‍ ശ്രദ്ധിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.