ന്യൂഡല്‍ഹി: ജയിലിൽ നിന്ന് പരോളിലിറങ്ങിയ സന്തോഷം വാളുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ച് ദേര സച്ചാ സൗധ മേധാവി ഗുര്‍മീത് റാം റഹീം. ബലാത്സംഗത്തിനും കൊലപാതകത്തിനും 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് ശനിയാഴ്ചയാണ് ഹരിയാനയിലെ സുനാരിയ ജയിലില്‍ നിന്ന് 40 ദിവസത്തെ പരോളിലിറങ്ങിയത്. കൂറ്റന്‍ കേക്ക് വാൾ കൊണ്ട് മുറിച്ചു ഗുര്‍മീത് നടത്തിയ ആഘോഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു ആഘോഷം നടത്താന്‍ അവസരം ലഭിച്ചതെന്ന് വൈറലായ വീഡിയോയില്‍ ഗുര്‍മീത് പറയുന്നത് കേള്‍ക്കാം. അതിനാല്‍ അഞ്ച് കേക്ക് എങ്കിലും മുറിക്കണം. ഇത് ആദ്യത്തെതാണ് എന്ന് ഗുര്‍മീത് പറയുന്നതും കേള്‍ക്കാം. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗുര്‍മീതിന് ജാമ്യം ലഭിക്കുന്നത്. 1948ല്‍ മസ്താ ബലോചിസ്താനി ആരംഭിച്ച ആത്മീയ സംഘടന ദേര സച്ച സൗദയുടെ തലവനാണ് 56കാരനായ ഗുര്‍മീത് സിങ്. ആശ്രമത്തിലെ രണ്ട് അന്തേവാസിനികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഗുര്‍മീത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ പരോള്‍ കാലയളവില്‍ ഇയാള്‍ യുപിയിലെ ബര്‍ണാവ ആശ്രമത്തില്‍ നിരവധി ഓണ്‍ലൈന്‍ ‘സത്സംഗങ്ങള്‍’ നടത്തി. ഇതില്‍ ഹരിയാനയിലെ ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു.