ഡെറാഡൂൺ: ആശുപത്രിയിൽനിന്ന് രക്തം നൽകിയതിലൂടെ എച്ച്ഐവി ബാധിച്ച് യുവാവ് മരിച്ചതിനെത്തുടർന്ന് അനാഥമായ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. മൊഹാലിയിലെ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. ഡെറാഡൂൺ ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ആശുപത്രി നൽകിയ ഹർജിയാണ് ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ തള്ളിയത്.
സഹാറൻപൂർ സ്വദേശിയായ യുവാവ് 2017 ലാണ് മരിച്ചത്. വൃക്ക മാറ്റിവെച്ചതിന് ശേഷം ചികിത്സയ്ക്കായി മൊഹാലിയിലെ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് യുവാവിൽ കയറ്റിയ രക്തത്തിൽ നിന്നാണ് എച്ച്ഐവി ബാധിച്ചത്. 2014ൽ യുവാവിനെ ഇതേ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് ഇരുവൃക്കകളും തകരാറിലായെന്ന് വ്യക്തമായത്. തുടർന്ന്, ഭാര്യ വൃക്ക ദാനം ചെയ്തു. ഏപ്രിൽ 2014 മുതൽ ജൂലൈ 2017 വരെ ഇവിടെത്തന്നെയായിരുന്നു തുടർന്ന് ചികിത്സ.
അക്കാലയളവിൽ രോഗിയുടെ രക്തത്തിൽ അണുബാധ ഇല്ലെന്നും വ്യക്തമായിരുന്നു. എന്നാൽ, 2017 ജൂലൈയിൽ, ആരോഗ്യപ്രശ്നത്തെ തുടർന്ന് രോഗിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത അനീമിയ ബാധിതനായതിനെ തുടർന്ന് ബ്ലഡ് ബാങ്കിൽ നിന്ന് രണ്ട് യൂണിറ്റ് രക്തം നൽകി. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് 2017 ഓഗസ്റ്റ് 3 ന് ഡെറാഡൂണിലെ സിനർജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരിച്ചു. മരണകാരണം എയ്ഡ്സാണെന്ന് പിന്നീട് കണ്ടെത്തി. തുടർന്ന് ഭാര്യ മൊഹാലിയിലെ ആശുപത്രിക്കെതിരെ പരാതി നൽകി. തുടർന്ന് വിഷയം അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. “തനിക്ക് രണ്ട് ചെറിയ കുട്ടികളുണ്ടെന്നും അവരെ പരിപാലിക്കാൻ, തനിക്ക് വരുമാന മാർഗമില്ലെന്നും” നേരത്തെ, ജില്ലാ കോടതിയിൽ സമർപ്പിച്ച അപ്പീലിൽ യുവാവിന്റെ ഭാര്യ പറഞ്ഞിരുന്നു. ഭർത്താവിന്റെ ശസ്ത്രക്രിയയ്ക്ക് കുറഞ്ഞത് 5 ലക്ഷം രൂപയും ചികിത്സാച്ചെലവായി ഏകദേശം 4.5 ലക്ഷം രൂപയും ചെലവായതായി അവർ കോടതിയെ അറിയിച്ചു.
നീണ്ട വാദത്തിന് ശേഷം, ബോർഡിന്റെ കണ്ടെത്തലുകൾ കണക്കിലെടുത്ത കോടതി നഷ്ടപരിഹാരമായി 10 ലക്ഷം നൽകണമെന്ന് 2022 ജനുവരി മൂന്നിന് ഉത്തരവിട്ടു. 30 ദിവസത്തിനുള്ളിൽ ആശുപത്രി പണം നൽകണമെന്നായിരുന്നു ഉത്തരവ്. എന്നാൽ, ഉത്തരവിനെതിരെ ആശുപത്രി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.