പട്ന: ക്ഷേത്രത്തിൽ മണിയടിയ്ക്കാൻ നിന്നവരൊക്കെയാണ് ഇപ്പോൾ നമ്മളെ ഭരിക്കുന്നതെന്ന് ബിഹാർ മന്ത്രിയുടെ പ്രസ്താവ വിവാദത്തിൽ. ബിഹാർ മന്ത്രി അലോക് മേത്തയാണ് വിവാദ പ്രസ്താവന നടത്തിയത്. നേരത്തെ ഇദ്ദേഹത്തിന്റെ ബ്രാഹ്മണർക്കെതിരെയുള്ള പരാമർശവും വിവാദമായിരുന്നു. ഭഗൽപുരിലെ പൊതുയോഗത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ടായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.
നേരത്തെ ക്ഷേത്രങ്ങളിൽ മണിയടിച്ചവർ ഇപ്പോൾ അധികാര കേന്ദ്രങ്ങളിലിരിക്കുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിനുദാഹരണമാണെന്ന് അലോക് മേത്ത പറഞ്ഞു. ജനസംഖ്യയിൽ വെറും 10 ശതമാനമുള്ളവർ, പണ്ട് ബ്രിട്ടീഷുകാരുടെ ഏജന്റായിരുന്നവർ രാജ്യത്തെ 90 ശതമാനം വരുന്ന പിന്നാക്കക്കാരെ ഭരിക്കുന്ന സ്ഥിതിയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും ബ്രാഹ്മണ വിഭാഗത്തെ ലക്ഷ്യമിട്ട് മന്ത്രി പറഞ്ഞിരുന്നു. രാജ്യത്തെ 90 ശതമാനം ആദ്യം ബ്രിട്ടീഷുകാരാലും പിന്നീട് അവരുടെ ഏജന്റുമാരാലും ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യൽമീഡിയയിലും പുറത്തും രൂക്ഷമായ വിമർശനമുയർന്നതോടെ വിശദീകരിച്ച് അദ്ദേഹം രംഗത്തെത്തി. 10 ശതമാനം എന്നുപറഞ്ഞത് ഏതെങ്കിലും സമുദായത്തെ അല്ലെന്നും ഒരു പ്രത്യേത വർഗത്തെയാണെന്നും മന്ത്രി വിശദീകരിച്ചു. നേരത്തെ വിദ്യാഭ്യാസ മന്ത്രി ചന്ദ്ര ശേഖറും വിവാദ പ്രസ്താവന നടത്തിയിരുന്നു. തുളസീദാസിന്റെ രാംചരിത് മാനസം എന്ന കാവ്യം സമൂഹത്തിനിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന പ്രസ്താവനയാണ് തിരിച്ചടിയായത്. ആർജെഡിയുടെ പ്രധാന നേതാവാണ് അലോക് മെഹ്ത. നേരത്തെ ജെഡിയു-ബിജെപി സഖ്യമായിരുന്നു ബിഹാർ ഭരിച്ചത്. എന്നാൽ പിന്നീട് ജെഡിയു ആർജെഡിയുമായി സഖ്യമുണ്ടാക്കിയതോടെ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടു.