CrimeNEWS

സുനാമി ഇറച്ചി പിടികൂടിയ സംഭവം: പ്രതി ജുനൈസ് പിടിയിൽ

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ വില്‍പ്പനക്കായി വച്ച 500കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി ജുനൈസ് പിടിയിൽ. മണ്ണാർക്കാട് സ്വദേശിയായ ജുനൈസിനെ മലപ്പുറത്ത് വെച്ചാണ് പിടികൂടിയത്. സുനാമി ഇറച്ചി റാക്കറ്റിലേക്ക് എത്താനുള്ള മുഖ്യ കണ്ണിയും ജുനൈസാണ്.

കളമശ്ശേരിയിലേക്ക് 500 കിലോ പഴകിയ ഇറച്ചി വന്നതെങ്ങനെ, ഈ ഇറച്ചി എവിടെയൊക്കെ പോയി, ഈ ശൃംഖലയിലെ മറ്റ് കണ്ണികൾ ആരൊക്കെ എന്നീ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് മണ്ണാർക്കാട് സ്വദേശി ജുനൈസ്. കൈപ്പടമുകളിൽ വീട് വാടകക്ക് എടുത്ത് സുനാമി ഇറച്ചി എത്തിച്ച് വിതരണം ചെയ്ത ജുനൈസിനെ കുറിച്ച് ഒരാഴ്ചയായി പൊലീസിന് ഒരു വിവരവുമുണ്ടായിരുന്നില്ല. ആദ്യഘട്ടത്തിൽ ഫോണിൽ പ്രതികരിച്ചെങ്കിലും കേസ് എടുത്തതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു.

Signature-ad

500 കിലോ അഴുകിയ ഇറച്ചി പിടിച്ചെടുത്ത കളമശ്ശേരിയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 49 ഹോട്ടലുകളുടെ ബില്ലുകളാണ് നഗരസഭയ്ക്ക് ലഭിച്ചത്. ഇവർക്കൊപ്പം പൊലീസും നടത്തിയ പരിശോധനയിൽ 55 ഹോട്ടലുകളുടെ ബില്ലുകൾ കൂടി പിടിച്ചെടുത്തതായാണ് വിവരം. ഇതിലെല്ലാം സ്ഥിരീകരണം വേണമെങ്കിലും ജുനൈസിനെ പിടികൂടണം.

അതിനിടെ, ഹൈക്കോടതി നിർദ്ദേശ പ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന കേരള ലീഗൽ സർവ്വീസ് അതോറിറ്റിയക്ക് നഗരസഭ സെക്രട്ടറി റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ജുനൈസ് പഴകിയ ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും നഗരസഭ ലൈസൻസ് വാങ്ങാതെയാണെന്നും വൃത്തി ഹീനമായ സാഹചര്യത്തിലാണ് ഇറച്ചി സൂക്ഷിച്ചതെന്നുമാണ് റിപ്പോട്ടിൽ വ്യക്തമാക്കുന്നത്.

Back to top button
error: