KeralaNEWS

മലങ്കര ഡാമിൽനിന്നു വെള്ളമെത്തിക്കുന്ന കനാൽ തകർന്ന് വെള്ളപ്പാച്ചിൽ, മൂവാറ്റുപുഴയിൽ കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

കൊച്ചി: മലങ്കര ഡാമിൽനിന്നു വെള്ളമെത്തിക്കുന്ന കനാൽ തകർന്ന് വെള്ളപ്പാച്ചിൽ, മൂവാറ്റുപുഴയിൽ കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡിൽ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കനാൽ ഇടിഞ്ഞുവീണത്. 15 അടി താഴ്ചയിലേക്കാണ് കനാൽ ഇടിഞ്ഞുവീണത്. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമിൽ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കനാൽ ആണ് ഇടിഞ്ഞത്. മൂവാറ്റുപുഴ – കൂത്താട്ടുകുളം ലിങ്ക് റോഡിൽ പണ്ടപ്പിള്ളി – ആരക്കുന്നത്തിനു സമീപമാണ് അപകടം ഉണ്ടായത്.

കനാലിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെത്തുടർന്ന് വൻതോതിൽ മണ്ണും വെള്ളവും റോഡിലേക്ക് ഇരച്ചെത്തി. സമീപത്തെ വീട്ടുമുറ്റത്തേക്കും വെള്ളവും ചെളിയും ഇരച്ചെത്തി. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് ചെളിയും വെള്ളവും നീക്കിയതിനെത്തുടർന്നാണ് ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചത്. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് കനാൽ ഇടിഞ്ഞു വീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തെത്തുടർന്ന് ഈ ഭാഗത്തേക്ക് വെള്ളം കടത്തിവിടുന്നത് നിർത്തി വെച്ചു.

Back to top button
error: