കഴിഞ്ഞ വർഷത്തെ 25 കോടിയുടെ ഓണം ബംപർ ജേതാവായ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് ലോട്ടറികച്ചവടം തുടങ്ങി. മണക്കാട് ജംങ്ഷനിലാണ് ജനുവരി 20ന് കട തുറന്നത്. അനൂപിന്റെയും ഭാര്യ മായയുടേയും പേരുകളുടെ ആദ്യാക്ഷരം ചേർത്ത് എം.എ ലക്കി സെന്റർ എന്നാണ് കടയ്ക്ക് നൽകിയിരിക്കുന്ന പേര്. ബംപർ അടിച്ചശേഷം പലപ്പോഴായി അനൂപ് ലോട്ടറിയെടുക്കുകയും 5,000 രൂപവരെ സമ്മാനം ലഭിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഭാഗ്യവാന്റെ കൈയിൽ നിന്ന് ലോട്ടറി വാങ്ങാൻ നിരവധിപ്പേർ കടയിൽ എത്തുന്നുണ്ട്. വൈകാതെ തന്നെ സ്വന്തമായി ഏജൻസിയും തുടങ്ങാനാണ് അനൂപിന്റെ പ്ലാൻ.
ലോട്ടറിക്കട തുടങ്ങാൻ നേരത്തെ തന്നെ തീരുമാനിച്ചതാണെന്ന് അനൂപിന്റെ ഭാര്യ മായ പറയുന്നു. രണ്ടാമത്തെ കുഞ്ഞിന് 31 ദിവസം കഴിഞ്ഞതേയുള്ളൂ. അങ്കിത അനൂപ് എന്നാണ് പേര്. കുഞ്ഞിനെ നോക്കുന്നതിനിടെ കടയിലേക്ക് പോകാനോ സഹായിക്കാനോ പറ്റിയിട്ടില്ല. വാടകയ്ക്കാണ് ഇപ്പോൾ കടയെടുത്തിരിക്കുന്നതെന്നും മായ അറിയിച്ചു.
‘സഹായം ചോദിച്ച് എത്തുന്നവരുടെ വരവ് മുൻപത്തേക്കാൾ കുറഞ്ഞിട്ടുണ്ട്. ബംപർ അടിച്ച സമയത്ത് കടുത്ത മാനസിക സമ്മർദ്ദമാണ് നേരിട്ടത്. രാവിലെ കണ്ണുതുറന്നാൽ തന്നെ വീട്ടുമുറ്റത്ത് ആളുകളാണ്. അനൂപേട്ടന് രാവിലെ ജോലിക്ക് പോകാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അന്ന് പണം ഞങ്ങളുടെ കൈയിൽ കിട്ടിയിട്ടില്ലായിരുന്നു. പണം കൈകാര്യം ചെയ്യുന്നതിനായി ക്ലാസ് നൽകാമെന്ന് ലോട്ടറി വകുപ്പ് പറഞ്ഞെങ്കിലും ഇതുവരെ വിളിച്ചിട്ടില്ല. കട ഇപ്പോൾ തുടങ്ങിയതല്ലേയുള്ളൂ. എല്ലാം നോക്കിയിട്ട് സാവധാനം മാത്രമേ ഏജൻസി തുടങ്ങുന്ന അക്കാര്യത്തിൽ തീരുമാനം എടുക്കൂ. ലോട്ടറി പണം കൊണ്ട് പഴയൊരു വീട് വാങ്ങി പുതുക്കിപ്പണിഞ്ഞു. വേറെ ബിസിനസ് ഒന്നും ഇപ്പോൾ ആലോചിക്കുന്നില്ല. ചേട്ടന്റെ ഓട്ടോ ഇപ്പോൾ സഹോദരനാണ് ഓടിക്കുന്നത്’ മായ പറഞ്ഞു.