ന്യൂഡല്‍ഹി: യു.എ.ഇ. രാജകുടുംബത്തിലെ ജോലിക്കാരനെന്ന് അവകാശപ്പെട്ട് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചശേഷം 23 ലക്ഷം ബില്ലടയ്ക്കാതെ മുങ്ങിയ പ്രതി പിടിയില്‍. ദക്ഷിണ കന്നഡ സ്വദേശി മുഹമ്മദ് ഷെരീഫ്(41) ആണ് അറസ്റ്റിലായത്. ഡല്‍ഹി ലീലാ പാലസ് ഹോട്ടല്‍ അധികൃതര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. 23,46,413 രൂപ ബില്‍ അടയ്ക്കാതെയാണ് ഇയാള്‍ മുങ്ങിയത്. വഞ്ചനയ്ക്കും മോഷണത്തിനുമാണ് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. മുഹമ്മദ് ഷെരീഫിനെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് ഡല്‍ഹി പോലീസ് അന്വേഷണം നടത്തിയത്. മുറിയെടുത്തപ്പോള്‍ ഇയാള്‍ ഹോട്ടലില്‍ നല്‍കിയത് വ്യാജരേഖകളാണെന്നു പോലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് മുഹമ്മദ് ഷെരീഫ് ലീലാപാലസ് ഹോട്ടലില്‍ മുറിയെടുത്ത്. തുടര്‍ന്ന് നവംബര്‍ 20-ന് ആരോടും പറയാതെ മുറിയൊഴിഞ്ഞു പോവുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍നിന്ന് വെള്ളിപ്പാത്രങ്ങളും മുത്തുകൊണ്ടുള്ള ട്രേയുമടക്കം നിരവധി സാധനങ്ങള്‍ ഇയാള്‍ മോഷ്ടിച്ചതായും 23-24 ലക്ഷം രൂപ ഹോട്ടലിന് നല്‍കാനുണ്ടെന്നും പോലീസ് പറഞ്ഞു.
താന്‍ യു.എ.ഇയിലാണു താമസമെന്നും അബുദബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓഫീസില്‍ ജോലി ചെയ്യുകയാണെന്നുമാണ് ഷെരീഫ് ഹോട്ടല്‍ അധികൃതരോടു പറഞ്ഞിരുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ഇന്ത്യയില്‍വന്നതെന്നാണു പറഞ്ഞിരുന്നത്. വിസിറ്റിങ് കാര്‍ഡും യു.എ.ഇ. റസിഡന്റ് കാര്‍ഡും മറ്റ് രേഖകളും ഹോട്ടലില്‍ നല്‍കുകയും ചെയ്തിരുന്നു. കൂടാതെ, യു.എ.ഇയിലെ ജീവിതത്തെക്കുറിച്ച് ഷെരീഫ് പതിവായി ഹോട്ടല്‍ ജീവനക്കാരുമാരോട് വര്‍ണിക്കാറുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.
മുറിയുടെ വാടകയും നാലുമാസത്തെ സര്‍വീസ് ചാര്‍ജുമുള്‍പ്പെടെ 35 ലക്ഷം രൂപയായിരുന്നു ബില്‍. അതില്‍ 11.5 ലക്ഷം രൂപ ഷെരീഫ് അടച്ചു. 20 ലക്ഷം രൂപയുടെ ചെക്ക് ഹോട്ടലിന് നല്‍കി. നവംബറില്‍ ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചു. എന്നാല്‍, അക്കൗണ്ടില്‍ മതിയായ പണമില്ലാത്തതിനാല്‍ അത് മടങ്ങി. ബാക്കി തുക അടക്കാതെ ആരോടും പറയാതെയാണ് ഷെരീഫ് റൂമൊഴിഞ്ഞു പോയത്. പ്രതിയെ തിരിച്ചറിയുന്നതിനായി ഡല്‍ഹി പോലീസ് സി.സി. ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.