മകയിരം നക്ഷത്രത്തിൽ ജനിച്ച സ്ത്രീ-പുരുഷന്മാരുടെ പൊതു ഫലം
മകയിരം നക്ഷത്രം ഇടവം രാശിയിൽ ഉള്ളതാണ്. മിഥുനം രാശിയിൽ അവസാനഭാഗവും ഉൾപ്പെടുന്നു. നാളികേരത്തിന്റെ കണ്ണുകൾ പോലെ മൂന്ന് നക്ഷത്രങ്ങൾ അടുത്തു നിൽക്കുന്നതായി ആകാശത്തിൽ കാണാം. ഈ നക്ഷത്രം സ്ത്രീ നക്ഷത്രമാണ്. ദേവത- ബ്രഹ്മാവ്. ദേവഗണത്തിൽപ്പെടുന്നു. ഭൂതം – ഭൂമി, മൃഗം-പാമ്പ്, പക്ഷി – പുള്ള്.
ഇവരുടെ ജനനം ചൊവ്വാദശയിലാണ്. മകയിരം നാളുകാർ കാര്യനിർവഹണത്തിൽ സമൃദ്ധരാണ്. പ്രവർത്തനരംഗത്ത് ആവേശം പ്രകടിപ്പിക്കും. തൊഴിലിൽ സ്ഥിരത ഉണ്ടാവുകയില്ല. ഇവർ പൊതുവേ അധ്വാനശീലരും കുടുംബസ്നേഹികളും മാതൃഭക്തരും, ഈശ്വരവിശ്വാസികളും ആയിരിക്കും. ബാല്യകാലത്ത് വേണ്ടത്ര സുഖസൗകര്യങ്ങൾ ലഭ്യമായില്ലെങ്കിലും പിന്നീട് സമ്പന്നതയും സുഖവും കൈവരും. ഇവർ നല്ല വീടിന്റെയും വാഹനത്തിന്റെയുമൊക്കെ ഉടമകൾ ആയിത്തീരും.
ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് വാക്സാമത്ഥ്യം, സമ്പത്ത് സൗന്ദര്യം, അനുകരണഭ്രമം, സന്താനഭാഗ്യം എന്നിവയും ഉണ്ടായിരിക്കും. എവിടെയും മാന്യത ലഭിക്കും. പക്ഷേ മനശാന്തി കുറഞ്ഞവരായിരിക്കും. മകയിരം നക്ഷത്രക്കാർക്ക് ത്വക്ക് രോഗം,ദന്തരോഗം, ഉദരരോഗം ആമാശയസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് സാധ്യത കാണുന്നു. പുണർതം, ആയില്യം, പൂരം, മൂലം,പൂരാടം, ഉത്രാടം, തിരുവോണം എന്നീ നാളുകളുമായുള്ള ബന്ധങ്ങൾ അത്ര സുഖകരമായിരിക്കില്ല.
കൃഷി, വ്യവസായം, വിവാഹം, യാത്ര, ഗൃഹനിർമ്മാണം, ക്ഷേത്രനിർമ്മാണം എന്നിവയ്ക്ക് ഈ നക്ഷത്രം ഉത്തമമാണ്. വിശ്വസിച്ചു ചെയ്യുന്ന പല സംഗതികളിലും ഇവർ പിന്നീട് ക്ലേശിക്കുകയോ പശ്ചാത്തപിക്കുകയോ ചെയ്യേണ്ടിവരും എന്നാൽ വിശ്വാസലംഘനം ചെയ്യുന്നവരോട് നയപൂർവ്വം പെരുമാറി കാര്യം കാണാനുള്ള സാമർത്ഥ്യം ഇവരിൽ ഉണ്ടായിരിക്കും. ഇവർ വലിയ ആഡംബര പ്രിയരല്ല. ലളിതവും ആദർശപരവുമായ ജീവിതമാണ് ഇവരിൽ അധികവും ആഗ്രഹിക്കുന്നത്. നിഷ്പക്ഷവും നിസ്വാർത്ഥവുമായ അഭിപ്രായങ്ങളെ ഇവരിൽ നിന്നു ഉണ്ടാകുകയുള്ളൂ. വിദ്യാരംഭത്തിന് മകയിരം നക്ഷത്രം ഉത്തമമാണ്.
(ഡോ. സി. ആർ ചന്ദ്രലേഖ കിളിമാനൂർ ആർ.ആർ.വി ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ജ്യോതിഷ സംബന്ധിയായ ലേഖനങ്ങൾ എഴുതാറുണ്ട്)