CrimeNEWS

കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരന്റെ പരാക്രമം, ചില്ല് എറിഞ്ഞുടച്ചു; ഒടുവിൽ ജീവനക്കാരും യാത്രക്കാരും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരന്റെ പരാക്രമം, ചില്ല് എറിഞ്ഞുടച്ചു; ഒടുവിൽ ജീവനക്കാരും യാത്രക്കാരും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അക്രമാസക്തനായ ഇയാൾ യാത്രക്കാരെ മർദ്ദിച്ചു. തുടർന്ന് ബസ്സ് ആറ്റിങ്ങൽ ഡിപ്പോയിലെത്തിയപ്പോൾ പുറത്തിറങ്ങിയ അക്രമി, ബസിന്റെ മുൻവശത്തെ ചില്ല് എറിഞ്ഞു തകർത്തു. തടഞ്ഞുവെച്ച കെ എസ് ആർ ടി സി ജീവനക്കാർക്ക് നേരെയും ആക്രമമുണ്ടായി. ഇതോടെ യാത്രക്കാരും മറ്റ് ജീവനക്കാരും ചേർന്ന് അക്രമിയെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി.
വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. വികാസ് ഭവൻ ഡിപ്പോയിലെ ബസാണ് തകർത്തത്. തിരുവനന്തപുരത്തു നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ബസ്സിൽ കണിയാപുരം ഡിപ്പോയിൽ നിന്ന് കയറിയ യാത്രക്കാരനാണ് അക്രമാസക്തനായത്. യാതൊരു പ്രകോപനവുമില്ലാതെ ഇയാൾ ബസിനുള്ളിൽ അക്രമാസക്തനാകുകയായിരുന്നു എന്ന് ജീവനക്കാർ പറയുന്നു. അസഭ്യം വിളിച്ച് ഇയാൾ ബഹളം ഉണ്ടാക്കുന്നത് ചോദ്യംചെയ്ത രണ്ടു യാത്രക്കാരെ ഇയാൾ മർദ്ദിച്ചു.
തുടർന്ന് ബസ് ആറ്റിങ്ങൽ ഡിപ്പോയിലെത്തിയപ്പോൾ പുറത്തിറങ്ങിയ അക്രമി ബസിന്റെ മുൻവശത്തെ ചില്ല് എറിഞ്ഞു തകർത്തു. മറ്റ് യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവച്ച് സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലെത്തിച്ചു. അവിടെവച്ച് ഇയാൾ ജീവനക്കാരെയും ആക്രമിച്ചു. ഡിപ്പോ അധികൃതർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. കുളത്തൂപ്പുഴയാണ് സ്വദേശമെന്നും നസറുദ്ദീനെന്നാണ് പേരെന്നും പൊലീസിനോട് പറഞ്ഞു. സമാന സംഭവത്തിൽ ഇയാളെ മുൻപ് കടയ്ക്കൽ പൊലീസ് പിടികൂടിയിരുന്നു. പ്രതിക്ക് മാനസിക വിഭ്രാന്തിയുള്ളതായി പൊലീസ് സംശയിക്കുന്നു.

Back to top button
error: