CrimeNEWS

കവർച്ചക്കേസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ വീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചു മുങ്ങിയ പ്രതി പിടിയിൽ

കോഴിക്കോട്: ​​​ക്ഷേത്രക്കവർച്ചാക്കേസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ വീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചു മുങ്ങിയ പ്രതി പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുറ്റിക്കാട്ടൂർ കീഴ് മഠത്തിൽ മീത്തൽ മുഹമ്മദ് തായിഫി(19)നെയാണ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇൻസ്പെക്ടർ എൻ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടികൂടിയത്.

tayif

കഴിഞ്ഞ മാസം മൂന്നാം തിയ്യതി പുലർച്ചെ കുറ്റിയിൽ താഴത്തുള്ള വീട്ടിൽ നിർത്തിയിട്ടിരുന്ന ഒന്നരലക്ഷം രൂപയുടെ ബൈക്കാണ് പ്രതിയും സംഘവും ചേർന്ന് മോഷണം നടത്തിയത്. പൊക്കുന്ന് സ്വദേശിയായ അക്ഷയും ഫറോക്ക് സ്വദേശി മുഹമ്മദ് ഫായിസും നേരത്തെ പിടിയിലായിരുന്നു. കൂട്ടാളികൾ പിടിയിലായതറിഞ്ഞ് തായിഫ് ഒളിവിൽ പോവുകയായിരുന്നു. കോഴിക്കോട് ജില്ലയിൽ സിറ്റി ക്രൈം സ്ക്വാഡ് തിരച്ചിൽ ഊർജിതമാക്കിയതിനെ തുടർന്ന് പ്രതി അയൽ ജില്ലകളിൽ രഹസ്യമായി താമസിക്കുകയായിരുന്നു.
കോഴിക്കോട് സിറ്റിയിൽ ഇടയ്ക്ക് പ്രതി വരാറുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണർ കെഇ ബൈജു ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സിറ്റി ക്രൈം സ്ക്വാഡ് പാളയം മാർക്കറ്റ് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതിൻ്റെ ഭാഗമായാണ് പ്രതി അറസ്റ്റിലായത്. കസബ സബ്ബ് ഇൻസ്പെക്ടർ എംകെ റസാഖ് പ്രതിയെ അറസ്റ്റ് ചെയ്തു. ക്ഷേത്ര കവർച്ചകളുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ തായിഫ്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത്കുമാർ, സി കെ സുജിത്ത്, കസബ പൊലീസ് സ്റ്റേഷൻ സീനിയർ സി പി ഓ രജീഷ് അന്നശ്ശേരി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Back to top button
error: