LIFEMovie

‘വാരിസി’ൽ വലിയ പ്രാധാന്യമില്ലാത്ത വേഷം, എന്നിട്ടും അ‌ഭിനയിച്ചത് വിജയിയോടുള്ള ആരാധനമൂലമെന്ന് രശ്മിക മന്ദാന

‘വാരിസി’ൽ വലിയ പ്രാധാന്യമില്ലാത്ത വേഷമാണെങ്കിലും ചിത്രത്തിൽ അ‌ഭിനയിച്ചതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സൂപ്പർതാരം രശ്മിക മന്ദാന. രണ്ട് പാട്ടുകളേ ഉള്ളൂ എന്ന് അറിഞ്ഞിട്ടും ഞാൻ ആ സിനിമ ചെയ്‍തുവെന്നത് എന്റെ തീരുമാനമായിരുന്നു. രണ്ട് പാട്ടുകളല്ലാതെ ചെയ്യാനൊന്നുമില്ലെന്ന് ഞാൻ വിജയ് സാറിനോട് പറയുമായിരുന്നു. പക്ഷേ ആ സിനിമ ചെയ്യും എന്ന ബോധപൂർവമായ തീരുമാനത്തിന് കാരണം വിജയ് സാറിനൊപ്പം പ്രവർത്തിക്കാനാകും എന്നതായിരുന്നു. വളരെക്കാലമായി ഞാൻ ആരാധിക്കുന്ന ഒരാളാണ് അദ്ദേഹം എന്നതും അതിന്റെ കാരണമാണ് എന്ന് ഒരു അഭിമുഖത്തിൽ രശ്‍മിക മന്ദാന പറഞ്ഞു.
വിജയ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. രശ്‍മിക മന്ദാനയാണ് ചിത്രത്തിലെ നായിക. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും വിജയ്‍ക്കൊപ്പം എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് ‘വാരിസി’ന്.
ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം .വംശി പൈഡിപ്പള്ളി തന്നെ തിരക്കഥയുമെഴുതിയ ചിത്രത്തിൽ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. കാർത്തിക് പളനി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീത സംവിധായകൻ എസ് തമനാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: