വീണ്ടും ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍; സത്യപ്രതിജ്ഞ തിങ്കളാഴ്ച
പട്ന: ബിഹാറിലെ സര്‍ക്കാര്‍ രൂപവത്കരണത്തിനു മുന്നോടിയായുളള എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നു. വീണ്ടും മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ എന്‍ഡിഎ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകുന്നത്. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭ സാമാജികരായി തിരഞ്ഞെടുക്കപ്പെട്ടവരുമായി എന്‍ഡിഎ നടത്തിയ യോഗത്തിനു ശേഷമാണ് തീരുമാനം. ബിജെപിയുടെ സുശീല്‍ മോദി ഉപമുഖ്യമന്ത്രിയായി തുടരും.
സഖ്യകക്ഷിയായ ബിജെപിക്കാണ് ജെഡിയുവിനേക്കാള്‍ സീറ്റ് കിട്ടിയത്. അതേസമയം, മഹാസഖ്യത്തിന് അനുകൂലമായ ജനവിധി ബിജെപി അട്ടിമറിച്ചുവെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒത്താശയോടെ ബിജെപി വോട്ടെണ്ണല്‍ അട്ടിമറിച്ചു. വളരെ കുറച്ച് വോട്ടിനാണ് 20 സീറ്റുകള്‍ ആര്‍ജെഡിക്ക് നഷ്ടമായത്. തപാല്‍വോട്ടുകള്‍ എണ്ണിയതില്‍ ക്രമക്കേടുണ്ട്. 900 ത്തോളം തപാല്‍വോട്ട് അസാധുവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
243 അംഗ നിയമസഭയില്‍ എന്‍ഡിഎ മുന്നണിക്ക് 125 സീറ്റുകളാണ് ലഭിച്ചത്. മുന്നണി ഘടകകക്ഷികളായ ബിജെപിക്ക് 74, ജെഡിയു- 43, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, വിഐപി എന്നീ പാര്‍ട്ടികള്‍ക്ക് നാല് വീതവും.