കോട്ടയം: കോട്ടയം ജില്ലയുടെ ഭരണം വളയിട്ട കൈകളിൽ ഭദ്രം. പാലാ നഗരസഭയിലും അധ്യക്ഷ വനിതയായതോടെ കോട്ടയം ജില്ലയിലെ ആറു നഗരസഭകളിലും സമ്പൂർണ്ണ വനിത ആധിപത്യം. കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, വൈക്കം, ഈരാറ്റുപേട്ട നഗരസഭകളിൽ വനിതാ ചെയർപേഴ്സൺമാരാണ് ഭരണം നിയന്ത്രിക്കുന്നത്. ഇടതുപക്ഷ സ്വാതന്ത്ര ജോസിൻ ബിനോയെ പാലാ നഗരസഭ അധ്യക്ഷയായി തെരഞ്ഞെടുത്തതോടെയാണ് ജില്ലയിലെ 6 നഗരസഭകളുടെയും നിയന്ത്രണം പൂർണമായും വനിതകൾക്ക് കൈവന്നത്.
കോട്ടയം നഗരസഭയിൽ യുഡിഎഫ് സ്വതന്ത്ര ബിൻസി സെബാസ്റ്റ്യനാണ് ചെയർപേഴ്സൺ. ചങ്ങനാശേരിയിൽ യുഡിഎഫ് സ്വതന്ത്ര സന്ധ്യ മനോജും, ഏറ്റുമാനൂരിൽ കോൺഗ്രസിലെ ലൗലി ജോർജും ഭരണം നിയന്ത്രിക്കുന്നു. വൈക്കത്ത് യു ഡി എഫിലെ രാധിക ശ്യാമാണ് ചെയർപേഴ്സൺ. ഈരാറ്റുപേട്ടയിൽ മുസ്ലീം ലീഗിലെ സുഹ്റാ അബ്ദുൽ ഖാദറും ഭരണസാരഥ്യം വഹിക്കുന്നു.
ഡോ. പി കെ ജയശ്രീയാണ് കോട്ടയം ജില്ലാ കലക്ടർ. കോട്ടയം ജില്ലാ പഞ്ചായത്തിൻ്റെ ഭരണവും വനിതാ സംവരണമാണ്. നിലവിലെ പ്രസിഡൻ്റ് നിർമ്മല ജിമ്മി രാജിവച്ച് ഒഴിഞ്ഞു എങ്കിലും ഇനിയും വനിതയാവും അടുത്ത 3 വർഷം കൂടി അധികാരത്തിലിരിക്കുക.