തൃശൂര്‍: അടുത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുമെങ്കില്‍ അതിന് ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നല്‍കുമെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന ഭാരവാഹികളുടെ വാഗ്ദാനം. സംസ്ഥാനത്ത് എവിടെ കലോത്സവം നടന്നാലും കോഴിയിറച്ചി എത്തിക്കാന്‍ സന്നദ്ധമാണെന്ന് സംഘടന സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്. പ്രമോദ് എന്നിവര്‍ പറഞ്ഞു.
അടുത്ത വര്‍ഷം മുതല്‍ കലോത്സവത്തില്‍ നോണ്‍ വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. നേരത്തെ മുതലേ തുടരുന്ന കീഴ്വഴക്കമാണ് വെജിറ്റേറിയന്‍ ഭക്ഷണം. എന്തായാലും അടുത്ത വര്‍ഷം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കേണ്ടവര്‍ക്ക് അതിനുള്ള അവസരം ഉണ്ടാകും. കായിക മേളയ്ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കൊടുക്കുന്നുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ച് ഇതിനു പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി ഇറച്ചി നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. ആദ്യ ദിവസം മുതല്‍ അവസാന ദിവസം വരെ കോഴിയിറച്ചി വിഭവങ്ങള്‍ നല്‍കുമെന്നാണ് വാഗ്ദാനം.
അതേസമയം, കോഴികൃഷി മേഖലയ്‌ക്കെതിരേ മന്ത്രി ജെ. ചിഞ്ചുറാണി ഉന്നയിച്ച ആരോപണം പിന്‍വലിക്കണമെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് സമിതി ആവശ്യപെട്ടു. കേരളത്തില്‍ കുടുംബശ്രീ വഴി നല്‍കുന്ന കോഴികള്‍ക്ക് വിഷാംശമില്ലെന്നും മറ്റു ഇറച്ചിക്കോഴികള്‍ക്ക് വിഷാംശവും ഹോര്‍മോണും ഉണ്ടെന്നുമുള്ള ധ്വനിയോടെ മന്ത്രി സംസാരിച്ചത് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. മന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ ആശങ്കയും ഭീതിയുമുണ്ടാക്കിയെന്നും ഇതിലൂടെ കോഴികൃഷി വ്യാപാരികള്‍ക്ക് 44 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സംഘടന ചൂണ്ടിക്കാട്ടി.