കൊച്ചി: തദ്ദേശസ്ഥാപനങ്ങള്‍ മുഖേനയുള്ള മാലിന്യശേഖരണത്തിന് ഫീസ് ഈടാക്കുന്നത് നിയമംമൂലം നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ശക്തമായ നിയമം നടപ്പിലാക്കുന്നതിലൂടെ മാത്രമേ സംസ്ഥാനത്ത് മാലിന്യനിര്‍മാര്‍ജനം സാധ്യമാകൂവെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ ഫെബ്രുവരി നാലു മുതല്‍ ആറുവരെ നടക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോ ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജീസ് കോണ്‍ക്‌ളേവിന്റെ പ്രഖ്യാപനത്തിനായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുകോടി ചെലവുവരുന്ന കോണ്‍ക്‌ളേവ് ഫെബ്രുവരി നാലിന് രാവിലെ 10 ന് മറൈന്‍ഡ്രൈവില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
നിലവില്‍ മാസം 50 രൂപയാണ് പ്‌ളാസ്റ്റിക് ഖരമാലിന്യം ശേഖരണത്തിന് തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കുന്നത്. ഇതിനെതിരേയും എതിര്‍പ്പുണ്ട്. പറമ്പുകളില്‍ പ്‌ളാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്ന പ്രവണതയുണ്ട്. മാലിന്യനീക്കത്തോടുള്ള പൊതുബോധത്തില്‍ മാറ്റം വരണം. ഇതിനായി ബോധവല്‍ക്കരണ പരിപാടികള്‍ ആവിഷ്‌കരിക്കും. കക്കൂസ് മാലിന്യമടക്കമുള്ള ദ്രവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന 10 പ്‌ളാന്റുകള്‍ മേയ് 31 നകം പൂര്‍ത്തീകരിക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇതുപോലുള്ള 28 പ്‌ളാന്റുകള്‍ സ്ഥാനത്ത് സ്ഥാപിക്കും.
സംസ്ഥാനത്ത് ജലാശയങ്ങളിലും പുഴകളിലും തോടുകളിലൂം കക്കൂസ് മാലിന്യത്തില്‍ നിന്നുണ്ടാകുന്ന ഇ കോലി ബാക്ടീരിയയുടെ സാന്നിധ്യം 80 ശതമാനമാണ്. കിണറുകളില്‍ ഇ കോലിയുടെ സാന്നിധ്യം 78 ശതമാനമാണ്. വലിയതോതിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇതിടവരുത്തുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളും യന്ത്രോപകരണങ്ങളും ആശയങ്ങളും എക്‌സ്‌പോയില്‍ അവതരിപ്പിക്കും. ഹരിതകേരള മിഷന്‍, ക്‌ളീന്‍കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട്, അമൃത് പദ്ധതി, ഇമ്പാക്ട് കേരള ലിമിറ്റഡ്, കേരളവാട്ടര്‍ അതോറിട്ടി, മലിനീകരണ നിയന്ത്രണബോര്‍ഡ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് എക്‌സ്‌പോ നടത്തുന്നത്.