CrimeNEWS

തൃശൂരിലെ ധനവ്യവസായ നിക്ഷേപത്തട്ടിപ്പ്: ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനായില്ല

തൃശൂര്‍: തൃശൂരിലെ ധനവ്യവസായ നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതികളെ കണ്ടെത്താനാകാതെ പോലീസ്. പി.ഒ. റോഡിലെ ധനവ്യവസായ നിക്ഷേപത്തട്ടിപ്പില്‍ 177 പേര്‍ക്ക് മാത്രം 45 കോടി രൂപ നല്‍കാനുണ്ടെന്നാണ് പ്രാഥമിക കണക്കെടുപ്പ്. കണക്കെടുപ്പു തകൃതിയായി നടക്കുമ്പോഴും പ്രതികളെ കണ്ടെത്താനാകാതെ പോലീസ് വട്ടംകറങ്ങുകയാണ്.

തൃശൂര്‍ പല്ലിശേരി സ്വദേശിക്ക് നല്‍കാനുള്ളത് 3.05 കോടി രൂപ. രണ്ടു കോടി നല്‍കാനുള്ളവരില്‍ തിരുവനന്തപുരം സ്വദേശിയും തൃശൂര്‍ സ്വദേശിയുമുണ്ടെന്നും വ്യക്തമായി. ധനവ്യവസായ നിക്ഷേപവുമായി ബന്ധപ്പെട്ട് പരാതി പ്രളയമാണ്. സിറ്റി പോലീസ് പ്രത്യേകം കൗണ്ടര്‍ സജ്ജമാക്കി. പല രേഖകള്‍ക്കും കൃത്യമായ രശീതി നല്‍കിയിരുന്നില്ല. പകരം വെറും സര്‍ട്ടിഫിക്കറ്റാണ് നല്‍കിയതെന്ന് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

ധനകാര്യ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും സ്ഥാപനം നടത്തിയിരുന്ന പാണഞ്ചേരി ജോയിയെ വിശ്വസിച്ച് കോടികള്‍ നിക്ഷേപിച്ചിരുന്നതായി കണ്ടെത്തി. 10 ലക്ഷംരൂപ മുതല്‍ ഒന്നരക്കോടിയോളം രൂപയാണ് ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത്. 15 -18 % പലിശ വാഗ്ദാനം ചെയ്ത് കോടികളാണ് ജോയി സ്വരൂപിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ സ്വദേശികളും പണം നഷ്ടപ്പെട്ടവരിലുണ്ട്. തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപ്പെട്ടത് രണ്ടുകോടി രൂപയാണ്. തൃശൂരില്‍ പത്തിലേറെപ്പേര്‍ക്ക് 1.5 കോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. ഇതുവരെ 200 പരാതികളാണ് ലഭിച്ചത്.

അതിനിടെ കേസന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ചിന് ഒളിവില്‍പോയ പാണഞ്ചേരി ജോയിയെയും കുടുംബത്തേയും കണ്ടെത്താനായിട്ടില്ല. ജോയി കേരളം വിട്ടിരിക്കാനാണ് സാധ്യതയെന്നു വിലയിരുത്തുന്നു. എന്നാല്‍ അറസ്റ്റ് വൈകിക്കരുതെന്നാണ് നിക്ഷേപകര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യവുമായി നിക്ഷേപകര്‍ സമരത്തിലാണ്.

Back to top button
error: