കൊച്ചി: അനധികൃത ബാനറുകളും കൊടികളും വയ്ക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഉത്തരവു നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാര്‍ക്കും എസ്.എച്ച്.ഒമാര്‍ക്കുമെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. ബോര്‍ഡുകള്‍ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിര്‍ദേശം നടപ്പിലാക്കാത്ത ജീവനക്കാര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടു.
മരണം സംഭവിക്കാവുന്ന അപകടംവരെ ഉണ്ടാകാം എന്നറിഞ്ഞിട്ടും അനധികൃതമായ ബാനറുകളും മറ്റും സ്ഥാപിക്കുന്നത് എന്തു തരത്തിലുള്ള സംസ്‌കാരമാണെന്നു കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു. സ്‌കൂട്ടറില്‍ സഞ്ചരിക്കവേ തോരണം കെട്ടിയിരുന്ന പ്ലാസ്റ്റിക് ചരട് കഴുത്തില്‍ കുരുങ്ങി തൃശൂരില്‍ അഭിഭാഷകയ്ക്കു പരുക്കേറ്റിരുന്നു. തുടര്‍ന്ന് തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറി രാകേഷ് കുമാര്‍ കോടതിയില്‍ ഹാജരായിരുന്നു. തുടര്‍ന്നാണ് കോടതി ഇത്തരം പരാമര്‍ശം നടത്തിയത്.
കോടതി ഉത്തരവുകള്‍ നല്‍കിയിട്ടും ‘സ്വയം പ്രമോഷന്റെ’യും ഈഗോയുടെയും ഫലമായി മറ്റുള്ളവരുടെ ജീവന് തെല്ലും വിലകല്‍പ്പിക്കാതെ സംഘടനകളും ജനങ്ങളും അനധികൃത ബോര്‍ഡുകളും ബാനറുകളും ഉള്‍പ്പെടെ സ്ഥാപിക്കാന്‍ ധൈര്യപ്പെടുകയാണെന്നും കോടതി പറഞ്ഞു. അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ തുടങ്ങിയവയ്ക്കു പിന്നിലുള്ളവര്‍ രാഷ്ട്രീയമായും മറ്റും ശക്തരായതിനാല്‍ തദ്ദേശഭരണ സെക്രട്ടറിമാര്‍ നടപടിയെടുക്കാന്‍ ഭയപ്പെടുകയാണെന്നാണ് രാകേഷ്‌കുമാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞത്.