NEWSWorld

വീണ്ടുമൊരു മൂത്രവിവാദം: അഗ്‌നിപര്‍വ്വതത്തിലേക്കു യുവാവ് മൂത്രമൊഴിച്ചു, പിന്നീട് സംഭവിച്ചത്

ഹോണോലുലു: എയര്‍ ഇന്ത്യയിലെ മൂത്രവിവാദങ്ങള്‍ക്കു പിന്നാലെ ഇതാ മറ്റൊരു മൂത്രവിവാദം കൂടി. അഗ്‌നിപര്‍വ്വതത്തിലേക്കു മൂത്രമൊഴിച്ച യുവാവിനെതിരേ രോഷം! ഹവായ് അഗ്‌നിപര്‍വ്വത ദേശീയോദ്യാനത്തിലെ കിലൗയ എന്ന സജീവ അഗ്‌നിപര്‍വ്വതത്തിലേക്കാണ് യുവാവ് മൂത്രമൊഴിച്ചതാണ് പൊല്ലാപ്പായത്. സംഭവത്തിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് രോഷം അണപൊട്ടിയത്. യുവാവിന്റെ പ്രവൃത്തിയെ അപലപിച്ചു നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി. സാംസ്‌കാരിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയാണ് യുവാവിന്റെ പ്രവൃത്തി വ്യക്തമാക്കുന്നതെന്നു പലരും അഭിപ്രായം പങ്കുവെച്ചുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

യു.എസിലെ ഹവായി ദ്വീപില്‍ സ്ഥിതി ചെയ്യുന്ന അതിവ പ്രാധാന്യമുള്ള ദേശീയോദ്യാനമാണ് ഹവായ് അഗ്‌നിപര്‍വ്വത ദേശീയോദ്യാനം. ലോകത്തിലെ പ്രധാനപ്പെട്ട രണ്ട് സജീവ അഗ്‌നിപര്‍വ്വതങ്ങളായ കിലൗയയും മോണ ലൗവയും ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിക്കുള്ളിലാണ്. കിലൗയ കാണാനെത്തിയ യുവാവ് ആണ് അഗ്‌നിപര്‍വ്വതത്തിലേക്കു മൂത്രമൊഴിച്ചത്. ഹവായന്‍ വിശ്വാസമനുസരിച്ച് അഗ്നിപര്‍വതങ്ങളുടെയും അഗ്നിയുടെയും ദേവിയായ പെലെയുടെ വാസസ്ഥലമാണ് കിലൗയ. സംഭവത്തിന്റെ ചിത്രം ശനിയാഴ്ച മുതലാണ് സമൂഹമാധ്യമത്തില്‍ പ്രചരിച്ചത്. ഇതില്‍ യുവാവിനെ ടാഗ് ചെയ്തിരുന്നു. സംഭവം ചര്‍ച്ചയായതോടെ യുവാവ് സമൂഹ മാധ്യമത്തിലെ അക്കൗണ്ട് ഒഴിവാക്കി തടിതപ്പി.

Signature-ad

യുവാവിന്റെ പ്രവൃത്തിയെ ശക്തമായി അപലപിച്ച് ഹവായി സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തക രംഗത്തെത്തി. ഈ സ്ഥലത്തിനു അത്രയും പ്രധാന്യമുള്ളതിനാലാണ് രോഷം ഉയര്‍ന്നതെന്നും തങ്ങള്‍ക്ക് ദ്വീപുമായുള്ള ബന്ധം വിദേശികള്‍ക്ക് മനസിലായിട്ടില്ലെന്നും അവര്‍ കുറിച്ചു. സംഭവത്തില്‍ ഹവായ് അഗ്‌നിപര്‍വ്വത ദേശീയോദ്യാനം പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. യുവാവിന്റെ പ്രവൃത്തി കോഡ് ഓഫ് ഫെഡറല്‍ റെഗുലേഷനിലെ ടൈറ്റില്‍ 36 ന്റെ ലംഘനമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. കിലൗയയുടെ സാംസ്‌കാരിക പ്രാധാന്യത്തെക്കുറിച്ചു ധാരണയില്ലായ്മയാണ് പ്രവൃത്തി പ്രകടമാക്കുന്നതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. മുമ്പ് മോണ കിയ അഗ്‌നിപര്‍വ്വതത്തിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്. വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ യുവാവ് മാപ്പുപേക്ഷിച്ചു രംഗത്തെത്തിയിരുന്നു.

Back to top button
error: