KeralaNEWS

ആശ്രിതനിയമനത്തിനു നിയന്ത്രണം, നാലാം ശനി അവധി: ചർച്ച വിഫലം, സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് സര്‍വീസ് സംഘടനകള്‍

തിരുവനന്തപുരം: ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനും നാലാം ശനിയാഴ്ചകള്‍ അവധിയാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാർ നീക്കത്തിനു തിരിച്ചടി. പരിഷ്കാരങ്ങളോട് എതിര്‍പ്പുമായി സർവീസ് സംഘടനകള്‍. ഇന്നലെ ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയി വിളിച്ച യോഗത്തിലാണ് സര്‍വീസ് സംഘടനകള്‍ ഒന്നാകെ ഈ നിര്‍ദ്ദേശങ്ങളെ എതിര്‍ത്തത്. സി.പി.എം നേതൃത്വത്തിലുള്ള എന്‍.ജി.ഒ യൂണിയന്‍ പോലും ഇീ നിര്‍ദ്ദേശങ്ങളോട് അനുകൂലമായല്ല പ്രതികരിച്ചത്. ചര്‍ച്ചനീണ്ടുപോയതോടെ അഭിപ്രായങ്ങള്‍ എഴുതി നല്‍കാന്‍ ചീഫ് സെക്രട്ടറി ജീവനക്കാരുടെ സംഘടനകളോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദ്ദേശം ആയുധമാക്കികൊണ്ട് ആശ്രിതനിയമനത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനായിരുന്നു ചീഫ് സെക്രട്ടറി ഇന്നലെ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയത്. ഒരു വര്‍ഷം 5 ശതമാനത്തിൽ കൂടുതല്‍ നിയമനങ്ങള്‍ ആശ്രിതനിയമനങ്ങളായി നടത്താന്‍ പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇത് നിയമനങ്ങളില്‍ വീണ്ടും കാലതാമസമുണ്ടാക്കുമെന്നും അതുകൊണ്ട് ഒരു വര്‍ഷം 5% പേര്‍ക്ക് നിയമനം നല്‍കിയശേഷം ബാക്കിയുള്ളവര്‍ക്ക് 10 ലക്ഷം രൂപ നല്‍കാനുമായിരുന്നു സെക്രട്ടറിതല സമിതി നല്‍കിയ നിര്‍ദ്ദേശം. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച.

Signature-ad

എന്നാല്‍ ഈ നിര്‍ദ്ദേശത്തെ സംഘടനകള്‍ ഒന്നാകെ എതിര്‍ത്തു. പത്തുലക്ഷം രൂപ സഹായം നല്‍കുന്നതിനെ ഉപാധികളോടെ എന്‍.ജി.ഒ യൂണിയന്‍ മാത്രമാണ് പിന്തുണച്ചത്. ആശ്രിതനിയമനം ലഭിക്കേണ്ട കുടുംബത്തിന് സമ്മതമാണെങ്കില്‍ അത് ആകാമെന്ന നിലപാടാണ് എന്‍.ജി.ഒ യൂണിയന്‍ സ്വീകരിച്ചത്. എന്നാല്‍ ആശ്രിതനിയമനം പരിമിതപ്പെടുത്തുന്നതിനോട് യോജിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അനൂകൂല സംഘടനകളുടെ കൂട്ടായ്മയായ സെറ്റോ വ്യക്തമാക്കി. സമാശ്വാസ തൊഴില്‍ സെല്‍ മുഖേന നല്‍കുന്ന നിയമനങ്ങളില്‍ സാങ്കേതികവിഭാഗവും അദ്ധ്യാപക തസ്തികകളും ഉള്‍പ്പെടെ കൂടുതല്‍ കാറ്റഗറി തസ്തികകള്‍ ഉള്‍പ്പെടുത്തിയും ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തിയും ഇപ്പോഴത്തെ പ്രശ്‌നത്തിന് പരിഹാരം തേടേണ്ടതാണെന്ന നിര്‍ദ്ദേശമാണ് അവര്‍ മുന്നോട്ടുവച്ചത്. ഉപാധികളോടെ നാലാംശനിയാഴ്ച അവധിയാക്കുന്നതിനെയും സെറ്റോ എതിര്‍ത്തു. അഞ്ച് ആകസ്മിക അവധികള്‍ വെട്ടിച്ചും ദിവസം പതിനഞ്ച്മിനിട്ട് നേരം പ്രവര്‍ത്തനസമയം വര്‍ദ്ധിപ്പിച്ചും നാലാംശനിയാഴ്ച അവധിയാക്കാമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ഇതിനെയും സെറ്റോ ശക്തമായി എതിര്‍ത്തു. എല്ലാ ശനിയാഴ്ചകളിലും അവധി നല്‍കി ആഴ്ചയില്‍ പ്രവര്‍ത്തിദിവസം അഞ്ചായി നിജപ്പെടുത്തിയാല്‍ ഈ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് അവര്‍ വ്യക്തമാക്കി.

അതേസമയം ഇടതുപക്ഷ സംഘടനകള്‍ ഇതിനെ പൂര്‍ണ്ണമായും എതിര്‍ത്തു. പ്രവര്‍ത്തിദിവസങ്ങള്‍ കുറയ്ക്കുന്നതിനോട് യോജിക്കുന്നില്ലെന്ന നിലപാടാണ് സി.പി.എം അനുകൂല സംഘടനകള്‍ എടുത്തത്. സിവില്‍സര്‍വീസ് പൊതുജനങ്ങളുമായി കൂടുതല്‍ അടുക്കേണ്ട സമയമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് പ്രവര്‍ത്തിദിവസം വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്നും അവര്‍ അറിയിച്ചു. ചര്‍ച്ച നീണ്ടുപോകുകയും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പലരും സംസാരിക്കാന്‍ ബാക്കിയാകുകയും ചെയ്തതോടെ നിര്‍ദ്ദേശങ്ങള്‍ എഴുതി നല്‍കാന്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.

Back to top button
error: