LocalNEWS

ഇടുക്കി ജില്ലാ ക്ഷീരകര്‍ഷക സംഗമം 11ന് രാജമുടിയില്‍; മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

തൊടുപുഴ: ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരകര്‍ഷക സംഗമം 11-ന് രാജമുടിയില്‍ തുടങ്ങും. ക്ഷീരമേഖലയിലെ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും ചര്‍ച്ച ചെയ്യാനും പുതിയ സംരംഭകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനും ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ക്ഷീരകര്‍ഷകര്‍ക്ക് അവബോധം നല്‍കാനുമാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നത്. രാജമുടി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ ക്രിസ്തുരാജ് പള്ളി ഓഡിറ്റോറിയത്തില്‍ 11, 12 തീയതികളിലാണ് ക്ഷീരകര്‍ഷക സംഗമം.

ക്ഷീരവികസന – മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി 12 ന് 11 ന് ഉദ്ഘാടനം നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. 11 ന് രാവിലെ 7 ന് പതാക ഉയര്‍ത്തുന്നതോടെയാണ് ക്ഷീരസംഗമത്തിന് തുടക്കം കുറിക്കുക. തുടര്‍ന്ന് വിളംബര ജാഥ നടത്തും. 8 ന് കന്നുകാലി പ്രദര്‍ശന മത്സരം ആരംഭിക്കും. 8.30 ന് തത്സമയ പ്രശ്‌നോത്തരി ഗവ്യജാലകം നടത്തും. തുടര്‍ന്ന് മൃഗസംരക്ഷണ ക്യാമ്പ് ആരംഭിക്കും. 9.30 ന് ക്ഷീരമേഖലയുമായി ബന്ധപ്പെട്ട മുപ്പതോളം സ്റ്റാളുകള്‍ അണിനിരത്തി ഡയറി എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. 10.30 ന് ക്ഷീരസംഘം ജീവനക്കാര്‍ക്കുളള ശില്‍പശാല ആരംഭിക്കും. 3 ന് ക്ഷീരസംഘം ജീവനക്കാര്‍, ഭരണസമിതി അംഗങ്ങള്‍, ക്ഷീരകര്‍ഷകര്‍, കുട്ടികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കലാകായിക മത്സരങ്ങള്‍ നടത്തും. 5.30 ന് കലാസന്ധ്യയും തുടര്‍ന്ന് കട്ടപ്പന ഗോള്‍ഡന്‍ ബീറ്റ്‌സിന്റെ ഗാനമേളയും സംഘടിപ്പിക്കും.

Signature-ad

12 ന് 9 ന് പശുപരിപാലനം -പ്രായോഗിക സമീപനം എന്ന വിഷയത്തില്‍ ക്ഷീരവികസന സെമിനാര്‍ നടത്തും. തുടര്‍ന്ന് 11 ന് പൊതുസമ്മേളനം ആരംഭിക്കും. പൊതുസമ്മേളനത്തില്‍ ക്ഷീരമേഖലക്ക് കൂടുതല്‍ തുക വകയിരുത്തിയ ത്രിതല പഞ്ചായത്തുകളെ മന്ത്രി ആദരിക്കും. തുടര്‍ന്ന് ജില്ലയിലെ മികച്ച കര്‍ഷകരെയും ക്ഷീരസഹകരണ സംഘങ്ങളെയും ആദരിക്കും. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. 25 വര്‍ഷം പൂര്‍ത്തിയാക്കിയ ക്ഷീരസംഘം പ്രസിഡന്റുമാരെ ആദരിക്കും.

ജില്ലയിലെ ഇരുന്നൂറോളം സംഘങ്ങളില്‍ നിന്നും 1500 ഓളം ക്ഷീരകര്‍ഷകര്‍ സംഗമത്തില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം.ടി. തോമസ്, കണ്‍വീനര്‍ ഡോ. ഡോളസ് പി. ഇ., വിവിധ കമ്മറ്റി ചെയര്‍മാന്‍മാരായ സാജു കാരക്കുന്നേല്‍, സോണി ചെള്ളാമഠം, സണ്ണി തെങ്ങുംപള്ളി, കണ്‍വീനര്‍മാരായ അഞ്ജു കുര്യന്‍, സുധീഷ് എം. പി. തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: