തിരുവനന്തപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ (എ.ഐ.ഡി.ഡബ്ല്യു.എ) ദേശീയ പ്രസിഡന്റായി പി.കെ. ശ്രീമതിയെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി മറിയം ധാവ്‌ളെ തുടരും. എസ്. പുണ്യവതിയാണ് ട്രഷര്‍. 103 അംഗ കേന്ദ്ര നിര്‍വഹണ സമിതിയേയും 34 അംഗ സെക്രട്ടേറിയറ്റിനെയും തിരുവനന്തപുരത്ത് നടന്ന ദേശീയ സമ്മേളനം തെരഞ്ഞെടുത്തു.
1998ല്‍ സുശീല ഗോപാലന്‍ ജനറല്‍ സെക്രട്ടറിയായതിനു ശേഷം കേരളത്തില്‍ നിന്ന് സംഘടനയുടെ ദേശീയ ഭാരവാഹിത്വം ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് പി കെ ശ്രീമതി. കേരളത്തില്‍ നിന്ന് കെ.കെ. ശൈലജ, പി സതീദേവി, സൂസന്‍ കോടി, പി.കെ. സൈനബ എന്നിവരെ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. സുഭാഷിണി അലി, മാലിനി ഭട്ടാചാര്യ, രമാ ദാസ്, യു. വാസുകി, സുധ സുന്ദരരാമന്‍, ജഹനാര ഖാന്‍, കീര്‍ത്തി സിങ്, രാംപാരി, ദെബോലീന ഹെംബ്രാം, രമണി ദേബ് ബര്‍മ, ജഗന്മതി സാങ്വാന്‍ എന്നിവരുള്‍പ്പെടെ 15 വൈസ് പ്രസിഡന്റുമാരാണ് സംഘടനയ്ക്കുള്ളത്.
സി എസ്. സുജാത, എന്‍ സുകന്യ എന്നിവരടക്കം ഒന്‍പത് സെക്രട്ടറിമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്. കൃഷ്ണ രക്ഷിത്, രമാ ദേവി, താപസി പ്രഹരാജ്, ഝര്‍ണാ ദാസ്, കനിനിക ഘോഷ്, ആശാ ശര്‍മ, പി. സുഗന്ധി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും, മധു ഗാര്‍ഗ്, നിയതി ബര്‍മന്‍, ടി. ദേവി, മല്ലു ലക്ഷ്മി, സവിത, പ്രാചി ഹത്വേക്കര്‍, അര്‍ച്ചന പ്രസാദ് എന്നിവര്‍ അസിസ്റ്റന്റ് സെക്രട്ടറിമാരായും ആയി തെരഞ്ഞെടുത്തു. കെ.കെ ലതിക, ഇ. പത്മാവതി എന്നിവര്‍ കേരളത്തില്‍ നിന്ന് ആദ്യമായി കമ്മറ്റിയിലെത്തുകയും ചെയ്തു.
സുപ്രധാനമായ ഭരണഘടനാഭേദതിയും സമ്മേളനം അംഗീകരിച്ചു. ട്രാന്‍സ് വനിതകള്‍ക്ക് അംഗത്വം നല്‍കുന്നതിനുള്ള ഭേദഗതിയാണ് സമ്മേളനത്തില്‍ കൊണ്ടുവന്നത്. അതോടൊപ്പം 15 വയസിന് മുകളിലുള്ള ഏത് സ്ത്രീയ്ക്കും ഇനി മുതല്‍ സംഘടനയില്‍ അംഗത്വം എടുക്കാനുമാകും. ഇന്നലെ വൈകിട്ട് നടന്ന വമ്പിച്ച റാലിയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.