ജ്യോതിര്‍മഠിലും കെട്ടിടങ്ങളില്‍ വിള്ളൽ
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠിനു പിന്നാലെ കർണ പ്രയാഗിലും ഭൂമിയിൽ വിള്ളൽ. ജ്യോതിര്‍മഠിലും കെട്ടിടങ്ങളില്‍ വിള്ളലുണ്ടായി. ജനജീവിതം ദുസ്സഹമായതോടെ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചു. വൈകീട്ട് നടക്കുന്ന യോഗത്തില്‍ പരിസ്ഥിതി വിദഗ്ധര്‍, ദുരന്ത നിവാരണ അതോറിട്ടി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
അതിനിടെ, സ്ഥിതി പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതി ജോഷിമഠിലെത്തി. ജോഷിമഠിലും പരിസരത്തുമുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ജില്ലാഭരണകൂടം ഉത്തരവിട്ടു. കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും, ഭൂമിക്കടിയില്‍ നിന്ന് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. തൊട്ടടുത്തുള്ള ജ്യോതിര്‍മഠിലും കെട്ടിടങ്ങളില്‍ വിള്ളലുണ്ടായി. ജ്യോതിര്‍മഠില്‍ ശങ്കരാചാര്യ മഠത്തില്‍ ചുവരില്‍ വിള്ളല്‍ രൂപപ്പെട്ടു. ആശങ്ക കടുക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടുന്നത്.
ജോഷിമഠിലെ വിള്ളൽവീണതും അപകടാവസ്ഥയിലുള്ളതുമായ വീടുകളിൽ താമസിക്കുന്ന 600ഓളം കുടുംബങ്ങളെ ഉടൻ ഒഴിപ്പിക്കാനാണ് നിർദേശം. സിങ്‌ധർ പ്രദേശത്ത് വെള്ളിയാഴ്‌ച ക്ഷേത്രം തകർന്നു. 561 വീട്ടിൽ ഇതുവരെ വിള്ളലുകൾ വീണു. 3000ത്തിലേറെ വീടുകൾ അപകടാവസ്ഥയിലാണ്. നാൽപ്പതോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ജോഷിമഠിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള കർണപ്രയാഗിൽ 50വീടുകളിലടക്കം വിള്ളൽ കണ്ടെത്തിയെന്ന് റിപ്പോർട്ടുണ്ട്. 50,000 പേരാണ് കർണപ്രയാഗിൽ താമസിക്കുന്നത്. ജോഷിമഠിൽ ശാസ്ത്രജ്ഞരടക്കം വിദഗ്‌ധസംഘം ക്യാമ്പ് ചെയ്തിട്ടുണ്ട്.
ചാർധാം ഓൾ വെതർ റോഡ്, എൻടിപിസിയുടെ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ നിർമാണപ്രവർത്തനങ്ങളും നിർത്തിവച്ചു. ഏഷ്യയിലെ ഏറ്റവും വലിയ റോപ്‌വേയായ ഓലിയുടെ പ്രവർത്തനവും നിർത്തി. വീടുവിട്ട് പോകേണ്ടി വരുന്നവർക്ക് അടുത്ത ആറുമാസത്തേക്ക് വാടക ഇനത്തിൽ 4000 രൂപ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രദേശം മുഖ്യമന്ത്രി മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി സന്ദർശിച്ചു.