കോട്ടയം: മുട്ടുങ്കൽ പുത്തൻപാലം- വൈക്കം റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിന്റെ ഭാഗമായ മുട്ടുങ്കൽ പുത്തൻപാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേർന്ന് കിടക്കുന്ന 240 മീറ്റർ റോഡാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്.
റോഡിന്റെ ഉയരം 32 സെന്റിമീറ്ററാക്കി ഉയർത്തുന്നതിനോടൊപ്പം 3.80 മീറ്റർ വീതിയുമുണ്ടാകും. തോടിന്റെ തീരത്ത് 240 മീറ്റർ ദൂരത്തിൽ കരിങ്കൽ കെട്ടുണ്ടാകും. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ വടയാർ പുഴയോട് ചേർന്ന് കിടക്കുന്ന റോഡ് ഒരു മഴ പെയ്താൽ തന്നെ വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയിലാണ്. വടയാർ, എഴുമാന്തുരുത്ത്, തേവലക്കാട് എന്നീ പ്രദേശങ്ങളെ വൈക്കം നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
പ്രളയം വളരെയധികം ബാധിക്കുന്ന പ്രദേശമായതിനാൽ രക്ഷാപ്രവർത്തനത്തിനും ഗതാഗതത്തിനും റോഡിലെ വെള്ളക്കെട്ട് തടസമാണ്. വെള്ളക്കെട്ട് രൂക്ഷമാകുന്നതിനൊപ്പം സമീപപ്രദേശത്തെ വീടുകളിലും വെള്ളം കയറുന്ന സാഹചര്യം കണക്കിലെടുത്താണ് അടിയന്തര ഇടപെടൽ. നിർമാണ പ്രവർത്തനങ്ങൾ ഈ മാസം തന്നെ പൂർത്തിയാകും. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ മുട്ടുങ്കൽ പുത്തൻപാലം – വൈക്കം റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമാകും.