കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല. പണിമുടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്നത് ശരിയല്ല. അങ്ങനെ ചെയ്യുന്നത് ഭരണകൂടം പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
പണിമുടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ 48 മണിക്കൂര്‍ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
സര്‍വ്വീസ് ചട്ടത്തിലെ റൂള്‍ 86 പ്രകാരം പണിമുടക്ക് നിയമവിരുദ്ധമാണ്. പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അന്നേ ദിവസത്തെ ശമ്പളം അനുവദിച്ചതും കോടതി ചൂണ്ടിക്കാട്ടി. ഇത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയെ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടും നടപടിയുമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.