തൃശൂര്‍: തളിക്കുളത്ത് സ്ത്രീയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശി ഷാജിത (54) ആണ് കൊല്ലപ്പെട്ടത്. വലപ്പാട് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവര്‍ ഹബീബിനെ (52) പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പറയുന്നു.
ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. വീട്ടുജോലിക്കാരിയായ ഷാജിത തനിച്ചാണ് താമസം. ഹബീബിന്റെ ഓട്ടോയിലാണ് ഇവര്‍ പതിവായി യാത്രചെയ്തിരുന്നത്. ബുധനാഴ്ച രാവിലെയും സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനായി ഹബീബിനെ ഓട്ടംവിളിച്ചിരുന്നു. ഇതനുസരിച്ച് വീട്ടിലെത്തിയ ഹബീബ് പണയംവെയ്ക്കാനായി സ്വര്‍ണം ആവശ്യപ്പെട്ടെങ്കിലും ഷാജിത ഇതിന് കൂട്ടാക്കിയില്ല. തുടര്‍ന്നാണ് വീടിന്റെ വാതില്‍ കുറ്റിയിട്ട ശേഷം ഹബീബ് ഷാജിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്ന ഹബീബിനെ തടഞ്ഞുവച്ച് നാട്ടുകാര്‍ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഹബീബും ഷാജിതയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇയാളുടെ പോക്കറ്റില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. സ്വര്‍ണം പണയപ്പെടുത്താന്‍ ഹബീബ് ചോദിച്ചു. ഷാജിത നല്‍കിയില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു.
ചെറിയ ഞെരക്കം ഉണ്ടായിരുന്ന ഷാജിതയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഹബീബിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.