തിരുവനന്തപുരം: തൃക്കാക്കര ബലാത്സംഗ കേസില്‍ സി.ഐ: പി.ആര്‍. സുനുവിനെതിരേ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ സമ്മര്‍ദം മൂലമാണ് സി.ഐക്കെതിരെ പരാതി നല്‍കിയതെന്ന് മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൃക്കാക്കര എ.സി.പിയുടെ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി. കൂട്ടബലാത്സംഗം എന്നായിരുന്നു യുവതിയുടെ പരാതി.
തൃക്കാക്കരയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിനിയായ യുവതിയാണ് സുനുവിനെതിരേ കൂട്ടബലാത്സംഗ പരാതി നല്‍കിയത്. സി.ഐ: സുനുവും മറ്റ് ചിലരും ചേര്‍ന്ന് കടവന്ത്രയിലും തൃക്കാക്കരയിലും തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. തന്റെ ഭര്‍ത്താവ് ജയിലില്‍ കഴിയവെ ആണ് തന്നെ സ്വാധീനിച്ച് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് യുവതി പരാതിയില്‍ പറഞ്ഞു.
ആദ്യമൊഴിയില്‍ കൂട്ടബലാത്സംഗം എന്ന് പറഞ്ഞിരുന്ന യുവതി പിന്നീട്, ചോദ്യം ചെയ്യലില്‍ ഈ മൊഴി മാറ്റിപ്പറഞ്ഞു. ഭര്‍ത്താവിന്റെ സമ്മര്‍ദം മൂലമാണ് പരാതി നല്‍കിയതെന്ന് യുവതി ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. സുനുവിനെ സര്‍വീസില്‍നിന്ന് പുറത്താക്കാനുള്ള നടപടികളിലേക്ക് കടക്കാനിരിക്കെയാണ് സി.ഐക്കെതിരെ തെളിവില്ലെന്ന് കാട്ടി ഡി.ജി.പിക്ക് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ആറു ക്രിമിനല്‍ കേസുകളില്‍ സുനു ഇപ്പോള്‍ പ്രതിയാണ്. അതില്‍ നാലെണ്ണം സ്ത്രീപീഡനക്കേസുകളാണ്. ആറു മാസം ജയില്‍ ശിക്ഷ അനുഭവിച്ചതിന് പുറമെ 9 തവണ വകുപ്പ്തല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടിട്ടുണ്ട്.