തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡയാലിസിസ് രോഗിയെ എലി കടിച്ചതിൽ അന്വേഷണം. വിഷയത്തില്‍ മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരണം തേടി. ഐസിയു ഒബ്സര്‍വേഷനിലായിരുന്ന പൗഡീക്കോണം സ്വദേശി ഗിരിജാ കുമാരിയുടെ കാലിലാണ് എലി കടിച്ചത്. കഴിഞ്ഞ 31ന് രാത്രിയായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃക്കരോഗിയായ ഗിരിജ കുമാരിയുടെ കാലിലാണ് എലി കടിച്ചത്. ഇടതു കാലിലെ രണ്ടു വിരലുകൾക്കു സാരമായി പരിക്കേറ്റു.
തീവ്രപരിചരണ വിഭാഗത്തിലെ ഒബ്സർവേഷനിൽ കഴിയുമ്പോഴാണ് സംഭവം. വൃക്ക രോഗത്തെ തുടർന്ന് നീര് വന്ന കാലിലാണ് എലി കടിച്ചത്. തണുപ്പായതിനാൽ കാലിൽ ഷീറ്റ് ഉപയോഗിച്ച് കാൽ മൂടിയിരുന്നു. ഇതിനിടയിൽ കൂടിയാണ് ഗിരിജകുമാരിയുടെ കാലിൽ എലി കടിച്ചത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ വിവരമറിയിച്ചെങ്കിലും പ്രതികരണം മോശമായിരുനെന്നും മകൾ രശ്മി പറയുന്നു. പിന്നീട് ചികിത്സ നൽകി അർദ്ധരാത്രി ഒരുമണിയോടെ പ്രതിരോധ കുത്തിവയ്പ് എടുത്ത് വിട്ടയച്ചു. തീവ്ര പരിചരണ വിഭാഗത്തിലും വാർഡുകളിലും എലി ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതിയുണ്ട്.