ശബരിമല: മകരവിളക്ക് മഹോത്സവത്തിനുള്ള ഭക്തജന പ്രവാഹം മുന്നില്‍ കണ്ട് സന്നിധാനത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. എ ഡി എം പി വിഷ്ണുരാജിന്‍റെ അധ്യക്ഷതയില്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.ജനുവരി 11 മുതല്‍ ദര്‍ശനത്തിന് എത്തുന്നതില്‍ ഒരു വിഭാഗം തീര്‍ഥാടകര്‍ മകരവിളക്കിന് ശേഷം മലയിറങ്ങാനാണ് സാധ്യത. അതിനാല്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഒരുക്കും. തീപിടുത്തം തടയാന്‍ തീര്‍ഥാടകര്‍ കാടിന്‍റെ പരിസരത്ത് നിന്നും പാചകം ചെയ്യുന്നത് തടയും. പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വലിയ പാത്രങ്ങള്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല. ഇതിന്‍റെ ഭാഗമായി സന്നിധാനത്തേക്കുള്ള ട്രാക്ടറുകള്‍ ഉള്‍പ്പടെ പരിശോധിക്കും. പാചകം ചെയ്യാന്‍ ആവശ്യമായ പാത്രങ്ങള്‍ സന്നിധാനത്തെ കടകളില്‍ നിന്നും വില്‍പ്പന നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.
വിവിധയിടങ്ങളില്‍ ഫയര്‍ഫോഴ്സ്, ദേവസ്വം, പോലീസ്, റവന്യു എന്നീ വിഭാഗങ്ങള്‍ സംയുക്ത പരിശോധന നടത്തി പ്രവര്‍ത്തനം വിലയിരുത്തും. സന്നിധാനത്ത് കൂടുതല്‍ അംബുലന്‍സ് സൗകര്യം ഒരുക്കും. അടിയന്തരഘട്ടങ്ങളില്‍ ലഭ്യമാകാന്‍ വിവിധ പോയിന്‍റുകളിലായി അംബുലന്‍സുകള്‍ സജ്ജമാക്കും. മകരവിളക്കിന് ഉണ്ടാകുന്ന തിരക്ക് പരിഗണിച്ച് മെഡിക്കല്‍ സംവിധാനം വിപുലീകരിക്കും. ഒരേസമയം കൂടുതല്‍ പേര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനുള്ള സാഹചര്യം ഉണ്ടാക്കും. താല്‍ക്കാലിക ആശുപത്രിയാക്കാന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തും. മകരജ്യോതി കണ്ട് ഭക്തര്‍ കൂട്ടത്തോടെ മടങ്ങുമ്പോള്‍ അപകടങ്ങളുണ്ടാകുന്നത് ഒഴിവാക്കാന്‍ അന്നേ ദിവസം പോലീസ് ഉച്ചഭാഷിണിയിലൂടെ വിവിധയിടങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കും.
സന്നിധാനത്തെ വെടിപ്പുരകളിലും, ഹോട്ടലുകളിലും സന്നിധാനം എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് എന്‍ രാംദാസിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കര്‍ശമായി പാലിക്കാന്‍ വെടിവഴിപാട് നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കി. വൈദ്യുതി കടന്നു പോകുന്ന കേബിളുകള്‍ വെടിത്തട്ടിലും വെടിപ്പുരയിലും ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഒരു കിലോയിലയധികം വെടിമരുന്ന് ഇവിടെ സൂക്ഷിക്കരുത്. കതിന നിറക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവരെ അറിയിച്ചു. തുടര്‍ന്ന് ഹോട്ടലുകളില്‍ പരിശോധന നടത്തി. ഹോട്ടലുകളില്‍ അഞ്ചിലധികം ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കാന്‍ അനുവദിക്കില്ല. തുടര്‍ പരിശോധനയില്‍ സ്‌ഫോടകവസ്തു നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ കട അടപ്പിക്കും. തീപ്പിടുത്തം ഒഴിവാക്കാന്‍ തൊഴിലാളികള്‍ക്ക് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കും. ഇതിനായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാചകപ്പുരകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.