IndiaNEWS

ചൈന ഉള്‍പ്പെടെ 6 രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡിന്റെ ബി.എഫ്-7 വകഭേദം പടരുന്ന സാഹചര്യത്തില്‍ രാജ്യാന്തര യാത്രികര്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. ചൈന ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്കാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ചൈനയ്ക്ക് പുറമേ ജപ്പാന്‍, സിംഗപ്പുര്‍, ഹോങ്കോങ്, കൊറിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് എത്തുന്ന യാത്രികര്‍ക്കും നിബന്ധനകള്‍ ബാധകമാണ്. ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

മറ്റു വിദേശ രാജ്യങ്ങളില്‍നിന്ന് ഈ ആറു രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷം ഇന്ത്യയിലേക്കു വരുന്നവര്‍ക്കും നിബന്ധനകള്‍ ബാധകമായിരിക്കും. നേരത്തേ ചൈന ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍നിന്നെത്തുന്ന യാത്രക്കാരെ നിര്‍ബന്ധമായി കോവിഡ് പരിശോധനയ്ക്കു വിധേയരാക്കാനായിരുന്നു നിര്‍ദേശം. ഇതിനു പിന്നാലെയാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് പുതുക്കിയ ഉത്തരവിറക്കിയത്. ഈ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Signature-ad

അതേസമയം, രാജ്യാന്തര വിമാനങ്ങളിലെത്തുന്നതില്‍ രണ്ടു ശതമാനം യാത്രക്കാര്‍ക്ക് റാന്‍ഡം പരിശോധന നടത്തുന്ന സംവിധാനവും തുടരും. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സുവിധ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താന്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Back to top button
error: