2023-ന് കണ്ണീരിൽ കുതിർന്ന തുടക്കം. പുതുവർഷം പിറക്കുന്നത് ആഘോഷിക്കാൻ പോയവരുൾപ്പെടെ അപകടങ്ങളിൽപെട്ടു സംസ്ഥാനത്ത് മരണം 9. ആലപ്പുഴയിൽ രണ്ട് യുവാക്കൾ പൊലീസ് വാഹനമിടിച്ച് മരിച്ചു. ഇടുക്കി അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. ഇടുക്കി അടിമാലിയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കൊക്കിലേക്ക് മറിഞ്ഞതറിഞ്ഞ വാർത്ത കേട്ടാണ് പുതുവർഷം പുലർന്നത്. ആലപ്പുഴ ബീച്ചിൽ പുതുവർഷ ആഘോഷത്തിനെത്തിയ രണ്ട് യുവാക്കൾ മടങ്ങുന്നതിനിടെയാണ് പൊലീസ് വാഹനമിടിച്ച് മരിച്ചത്. കോട്ടയം സ്വദേശികളായ ജസ്റ്റിൻ, അലക്സ് എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. തലവടിയിൽ വെച്ച് എതിരെ വന്ന ഡിവൈഎസ്പിയുടെ ജീപ്പ് ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നീട് സമീപത്തെ ഒരു വീടിന്റെ മതിലിലേക്കും ജീപ്പ് ഇടിച്ച് കയറി. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡിവൈഎസ്പിയെ വീട്ടിൽ വിട്ട ശേഷം തിരികെ വരികയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പത്തനംതിട്ട തിരുവല്ലയിലും ഏനാത്തും പുലർച്ചെ ഉണ്ടായ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. തിരുവല്ല ബൈപ്പാസിലെ ചിലങ്ക ജംഗ്ഷനിൽ നടന്ന അപകടത്തിൽ കുന്നന്താനം സ്വദേശി അരുൺകുമാറും ചിങ്ങവനം സ്വദേശി ശ്യാമുമാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ഏനാത്ത് വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ചുകയറി ഇളംഗമംഗലം സ്വദേശി തുളസീധരൻപിള്ള മരിച്ചു.
കിളിമാനൂർ, പുളിമാത്ത് ബൈക്ക് അപകടത്തിൽ സൈനികനായ യുവാവ് മരിച്ചു. കാരേറ്റ് സ്വദേശി ഇരുപത്തിയഞ്ചുകാരനായ ആരോമലാ(25) ണ് മരിച്ചത്. ഇന്നലെ രാത്രിയിൽ പുളിമാത്ത് ക്ഷേത്രം റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തപ്പെട്ടത്. ആരോമലിന്റെ അച്ഛൻ പത്മരാജൻ രണ്ടാഴ്ച മുമ്പ് കാരേറ്റ് വെച്ച് വാഹനമിടിച്ച് പരിക്കേറ്റ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടവിരമറിഞ്ഞാണ് ആരോമൽ ഒരാഴ്ച മുമ്പ് നാട്ടിലെത്തിയത്.