KeralaNEWS

കുടിച്ചു കൂത്താടി മലയാളികൾ; പുതുവത്സരത്തിനു മാത്രം കേരളത്തിൽ വിറ്റത് 107 കോടിയുടെ മദ്യം!

പത്തു ദിവസത്തിനിടെ വിറ്റത് 686.28 കോടിയുടെ മദ്യം!

തിരുവനന്തപുരം: പുതുവത്സരം മതി മറന്നാഘോഷിച്ച് മലയാളികൾ. ആഘോഷത്തിമിർപ്പിനായി ഒറ്റ ദിവസം മാത്രം കുടിച്ചു തീർത്തത് 107.14 കോടി രൂപയുടെ മദ്യം! 2022 ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‍ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന. കൊല്ലം ആശ്രമം ഔട്ട്‍ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന് വിറ്റു. കാസർകോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വിൽപ്പന. 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വിൽപ്പന നടത്തിയത്. കേരളത്തിൽ ഏറ്റവും പ്രിയം റമ്മിനാണ്. ഏറ്റവും കൂടുതൽ വിറ്റഴിച്ചതും റമ്മാണ്. സംസ്ഥാനത്തെ എല്ലാ ഔട്ട്‍ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മദ്യം ഇന്നലെ വിറ്റു.

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളം കുടിച്ച് തീർത്തത്. കഴിഞ്ഞ വർഷത്തെ ഈ കാലയളവിലെ 10 ദിവസത്തെ മദ്യവിൽപ്പന 649.32 കോടിയായിരുന്നു. അതേസമയം, ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവുണ്ടായിരുന്നു. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്ക്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ക്രിസ്തുമസ് ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്.

Back to top button
error: