ചണ്ഡീഗഡ്: വനിതാ ജൂനിയര്‍ അത്ലറ്റിക് കോച്ചിന്റെ ലൈംഗികാതിക്രമ പരാതിയില്‍ ഹരിയാന കായികമന്ത്രി സന്ദീപ് സിങ്ങിനെതിരേ പോലീസ് കേസെടുത്തു. ചണ്ഡീഗഡ് പോലീസാണ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മന്ത്രി സന്ദീപ് സിങ് ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി.
ബി.ജെ.പി. സര്‍ക്കാരിലെ മന്ത്രിയും മുന്‍ ദേശീയ ഹോക്കി താരവുമായ സന്ദീപ് സിങ്ങിനെതിരേ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ പോലീസിലും പരാതി നല്‍കുകയായിരുന്നു.
ജിംനേഷ്യത്തിലാണ് സന്ദീപ് സിങ് തന്നെ ആദ്യം പരിചയപ്പെട്ടത്. പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശങ്ങള്‍ അയക്കുകയും നേരിട്ട് കാണാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ദേശീയഗെയിംസുമായി ബന്ധപ്പെട്ട തന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ ചില അനിശ്ചിതത്വങ്ങളുണ്ടെന്നും നേരിട്ടുകാണണമെന്നുമായിരുന്നു ആവശ്യം. മന്ത്രിയുടെ ക്യാമ്പ് ഓഫീസായി പ്രവര്‍ത്തിക്കുന്ന വീട്ടിലേക്കാണ് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് രേഖകളുമായി ഇവിടെ എത്തിയ തന്നോട് മന്ത്രി ലൈംഗികാതിക്രമം നടത്തിയെന്നാണ് കോച്ചിന്റെ ആരോപണം.
വീട്ടിലെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ കാബിനിലേക്കാണ് കൊണ്ടുപോയത്. സര്‍ട്ടിഫിക്കറ്റുകളെല്ലാം മേശയില്‍വെച്ച ശേഷം മന്ത്രി തന്റെ കാലില്‍ സ്പര്‍ശിച്ചു. ആദ്യം കണ്ടതു മുതല്‍ ഇഷ്ടമാണെന്നു മന്ത്രി പറഞ്ഞതോടെ താന്‍ കൈ തട്ടിമാറ്റി. എന്നാല്‍, മന്ത്രി തന്റെ ടീഷര്‍ട്ട് വലിച്ചുകീറി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. ബഹളംവെച്ചിട്ടും അവിടെയുണ്ടായിരുന്ന ജീവനക്കാരാരും സഹായത്തിനെത്തിയില്ലെന്നും യുവതി പറയുന്നു.
അതേസമയം, യുവതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു മന്ത്രി സന്ദീപ് സിങ്ങിന്റെ പ്രതികരണം. തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലുള്ളത്. സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് യുവതിക്കെതിരേ പരാതി നല്‍കുമെന്നും സന്ദീപ് സിങ് പറഞ്ഞു.