Movie

പ്രിയകൂട്ടുകാരനൊരു സ്നേഹസ്മാരകം, വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം നിർമ്മിക്കുന്നത് ശശിശങ്കറിൻ്റെ ചങ്ങാതി ആൻ്റോ ജോസഫ്

മലയാള സിനിമയിൽ അർഹിക്കുന്ന നിലയിൽ അടയാളപ്പെടുത്താതെ പോയ സംവിധായകനാണ് ശശി ശങ്കർ. അറബി അധ്യാപികയായ നമ്പൂതിരി യുവതിയുടെ കഥ പറഞ്ഞ ആദ്യ ചിത്രം ‘നാരായ’ത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശിയപുരസ്കാരം നേടി ശശി ശങ്കർ. പിന്നീടു വന്ന കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്‌ലർ, മന്ത്രമോതിരം തുടങ്ങിയ ചിത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ടു, സാമ്പത്തിക വിജയവും നേടി. പക്ഷേ തുടർന്ന് ആ വിജയം നിലനിർത്താൻ ശശി ശങ്കറിന് പലകാരണങ്ങൾ കൊണ്ടും കഴിഞ്ഞില്ല. ഒട്ടേറെ സംരംഭങ്ങൾ മനസ്സിൽ പ്ലാൻ ചെയ്ത ആ പ്രതിഭ അകാലത്തിൽ വിട പറഞ്ഞു പോയി.

ഇപ്പോഴിതാ അച്ഛൻ്റെ സ്കൂളിൽ നിന്നുള്ള അനുഭവ പാഠങ്ങളുമായി മകന്‍ വിഷ്ണു ശശി ശങ്കർ മലയാള സിനിമയിയിലേയ്ക്ക് ചുവട് വയ്ക്കുന്നു.

Signature-ad

സ്വാഭിമാനം തൻ്റെ ആദ്യ ചലച്ചിത്ര സംരംഭവുമായി എത്തുകയാണ് വിഷ്ണു ശശി ശങ്കർ. ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ എന്ന ഈ സിനിമയിൽ ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.

തൻ്റെ ആദ്യ സിനിമയെക്കുറിച്ച് വിഷ്ണു ശശി ശങ്കർ ന്യൂസ് ദെൻ മീഡിയയോടു സംസാരിക്കുന്നു:
“കഴിഞ്ഞ മൂന്നാല് വർഷമായി സിനിമയുടെ പിന്നാലെയുള്ള ഓട്ടമായിരുന്നു. അഭിലാഷ് പിള്ള എന്ന തിരക്കഥാകൃത്തുമായി കുറച്ചുകാലമായി ഒരു സിനിമയുടെ കഥചർച്ച ചെയ്യുകയാണ്. ത്രില്ലർ കഥകളാണ് അദ്ദേഹത്തിൻ്റെ തട്ടകം. എനിക്കാകട്ടെ അത്തരം സബ്ജക്ടുകളോട് അത്ര ആഭിമുഖ്യം ഇല്ല. പക്ഷേ ഞങ്ങളുടെ ദീർഘമായ കൂടിക്കാഴ്ചയ്ക്കിടയിൽ അദ്ദേഹം വ്യത്യസ്തമായ ഒരു കഥ പറഞ്ഞു. എനിക്കും അത് വളരെ രസകരമായി തോന്നി. ആദ്യം ഒരു ശില പോലെയായിരുന്നു അത്. പിന്നീട് പല ഘട്ടങ്ങളിലായി കൊത്തിക്കൊത്തി ഒരു മനോഹരമായ വിഗ്രഹം പോലെ രൂപപ്പെടുത്തിയെടുത്തു. എട്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പർ ഹീറോയായ അയ്യപ്പന്റേയും കഥയാണ്  ‘മാളികപ്പുറം’.

കഥ പൂർണ രൂപത്തിലെത്തിയപ്പോൾ, ഇത് കുറച്ച് ആളുകളെ കേൾപ്പിച്ചാലോ എന്നായി അടുത്ത ആലോചന. അങ്ങനെ ഒട്ടേറെ ചലച്ചിത്ര പ്രവർത്തകരെയും നിർമ്മാതാക്കളെയും സമീപിച്ചു. അതൊരു നീണ്ട യഞ്ജമായിരുന്നു. കഥ കേട്ടവരൊന്നും ആ സംരംഭം ഏറ്റെടുക്കാൻ സന്നദ്ധരായില്ല. ഓരോ കാരണങ്ങൾ പറഞ്ഞ് പിൻവാങ്ങി. ഒടുവിലാണ് ആൻ്റോ ജോസഫ് ചേട്ടനെ സമീപിച്ചത്.
“ഇനി ആരോടും ഇത് പറയേണ്ട, നമുക്ക് ചെയ്യാം…” കഥ കേട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ‘മാളികപ്പുറം’ എന്ന സ്വപ്നം സഫലമായത്.
അടുത്ത ഘട്ടമാണ് പ്രധാന കടമ്പ.
മുഖ്യകഥാപാത്രം ചെയ്യാൻ പറ്റിയ ആർട്ടിസ്റ്റ് ആരാണ് നിങ്ങളുടെ മനസ്സിലുള്ളതെന്ന് ആൻ്റോ ചേട്ടൻ ചോദിക്കുന്നു. ഞാൻ പറഞ്ഞു, ഉണ്ണിമുകുന്ദനായാൽ നന്നായിരിക്കും എന്ന്. അടുത്ത ദിവസം തന്നെ ഉണ്ണിയുമായി ഒരു മീറ്റിംഗ് ആന്റോ ചേട്ടൻ താല്പര്യമെടുത്ത് അറേഞ്ച് ചെയ്തു തന്നു. ഞങ്ങൾ അദ്ദേഹത്തെ കണ്ട് കഥ പറഞ്ഞു. ഉണ്ണിമുകുന്ദൻ വളരെ ത്രിൽഡായി എന്നു പറയുന്നതായിരിക്കും സത്യം. എനിക്ക് കഥയെക്കുറിച്ച് തോന്നിയ ആത്മവിശ്വാസത്തിലേറെയായിരുന്നു ഉണ്ണി മുകുന്ദന്.

ചിത്രം ഉടൻ ചെയ്യാൻ സന്നദ്ധനായി അദ്ദേഹം. സാധാരണ ഗതിയിൽ സംഭവിക്കുക ഒരു ആർട്ടിസ്റ്റിനോട് കഥ പറഞ്ഞാൽ അദ്ദേഹത്തിൻ്റെ സൗകര്യങ്ങൾക്കായി പിന്നാലെ ചെല്ലുകയാണല്ലോ. ഇവിടെ സംഭവിച്ചത് നേരെ മറിച്ചാണ്. വേണ്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി അദ്ദേഹം ഒപ്പം നിന്നു. ആ ഗൈഡൻസ് വലിയ പ്രചോദനമായി. ‘മാളികപ്പുറം’ തീയറ്ററിൽ എത്തുന്ന നിമിഷം വരെ ഉണ്ണി മുകുന്ദൻ്റെ സമ്പൂർണ്ണ പിന്തുണ ലഭിച്ചു എന്ന കാര്യം വിസ്മരിക്കാൻ പറ്റില്ല. ‘മാളികപ്പുറം’ എന്ന സിനിമ സംഭവിച്ചത് അങ്ങനെയാണ്. ഈ മണ്ഡലകാലത്തു തന്നെ ചിത്രം റിലീസ് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതുകൊണ്ട് മറ്റെല്ലാ തടസ്സങ്ങളേയും അതിജീവിച്ചു…”

ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ‘മാളികപ്പുറം’ നിർമ്മിക്കുന്നത്. ആന്റോ ജോസഫിന്റെ സിനിമാ പ്രവേശനത്തിന് നിമിത്തമായത് ശശിശങ്കറാണ്. ഇരുവരും ചേർന്ന് അന്ന് ചില പ്രോജക്ടുകൾ ചർച്ച ചെയ്തെങ്കിലും പ്രായോഗികമായില്ല. വർഷങ്ങൾക്കു ശേഷം ഇപ്പോഴിതാ പ്രിയ സുഹൃത്തിനൊരു സ്നേഹസ്മാരകമായി മകൻ്റെ ചിത്രം ആന്റോ ജോസഫ് തന്നെ നിർമ്മിച്ചു.

മാളികപ്പുറത്തിന്റെ ചരിത്രപശ്ചാത്തലം  സിനിമയിൽ വിശദീകരിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്മരിക ശബ്ദത്തിലൂടെയാണ്.
മമ്മൂട്ടിയുടെ ശബ്ദവിവരണത്തില്‍ മാളികപ്പുറത്തിന്റെ കഥ പറയുന്ന വിഡിയോ അണിയറ പ്രവർത്തകര്‍ റിലീസ് ചെയ്തു.
ചിത്രത്തിന്റെ ട്രെയിലർ ട്രെൻഡിങ്ങിൽ ഒന്നാമതായി പ്രേക്ഷകശ്രദ്ധ നേടുന്നതിനിടയിലാണ് അണിയറ പ്രവർത്തകർ ഈ വിഡിയോ പുറത്തുവിട്ടത്.

ഉണ്ണീ മുകുന്ദൻ, ശ്രീപഥ്, ദേവനന്ദ എന്നിവർക്കൊപ്പം മനോജ് കെ ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത്‌ രവി, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, സമ്പത്ത് റാം, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, സന്ദീപ് രാജ് (വിക്രം ഫെയിം), മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ് എന്നിങ്ങനെ വൻ താരങ്ങളാണ് ചിത്രത്തിലുള്ളത്.

Back to top button
error: