ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും ധനികന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി. ഏറ്റവും ദരിദ്ര പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 373 കോടി രൂപയാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ആകെ ആസ്തി. ഏറ്റവും പിന്നിലുള്ള മമതയുടെ ആസ്തി കേവലം 15 ലക്ഷം മാത്രം.
അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് രണ്ടാംസ്ഥാനത്ത്. 132 കോടി രൂപയാണ് ആസ്തി. മൂന്നാംസ്ഥാനത്തുള്ള ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ആസ്തി 63.7 കോടിയാണ്.എന്‍. രംഗസ്വാമി- പുതുച്ചേരി ( 37.2 കോടി), നെയ്ഫ്യൂ- നാഗാലാന്‍ഡ് (28.1), ഭൂപേഷ് ബേഗല്‍- ഛത്തിസ്ഗഡ് (15.2), കെ. ചന്ദ്രശേഖര്‍ റാവു- തെലങ്കാന (13.8), മണിക് സാഹ- ത്രിപുര (11.3), എം.കെ സ്റ്റാലിന്‍- തമിഴ്‌നാട് (7.2), പ്രമോദ് സാവന്ത്- ഗോവ (5.7) എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റ് മുഖ്യമന്ത്രിമാര്‍.
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി 72 ലക്ഷം രൂപയാണ്. കമ്മിഷന് നല്‍കിയ സത്യവാങ്മൂലപ്രകാരം പിണറായിയുടെ പേരില്‍ വാഹനമില്ല. 30 മുഖ്യമന്ത്രിമാരില്‍ 28ാം സ്ഥാനത്താണ് പിണറായി. 29ാം സ്ഥാനത്തുള്ള നിതീഷ്‌കുമാറിന്റെ (ബിഹാര്‍) ആസ്തി 56 ലക്ഷം രൂപയാണ്.
മുഖ്യമന്ത്രിമാരില്‍ ഏറ്റവും വിദ്യാഭ്യാസ യോഗ്യതയുള്ളത് ഹിമന്ത് ബിശ്വശര്‍മ (അസം) ആണ്. രാഷ്ട്രമീമാംസയില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും ഉണ്ട്. മണിക് സാഹക്ക് മെഡിക്കല്‍ സയന്‍സില്‍ പി.ജിയുണ്ട്. അരവിന്ദ് കെജ്രിവാള്‍ (ഡല്‍ഹി), ബസവരാജ് ബൊമ്മൈ (കര്‍ണാടക) എന്നിവര്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരാണ്. മഹാരാഷ്ട്രയുടെ ഏക്നാഥ് ഷിന്‍ഡെയ്ക്കാണ് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളത്. ഹൈസ്‌കൂള്‍ പഠനം പോലും പൂര്‍ത്തിയാക്കിയിട്ടില്ല ഷിന്‍ഡെ.