തണുപ്പിന്റെ മാസങ്ങളാണ് ഡിസംബറും ജനുവരിയും. തണുപ്പുകാലം തുടങ്ങുമ്പോള്‍ പല ആരോഗ്യപ്രശ്‌നങ്ങളും തലപൊക്കിത്തുടങ്ങുന്നത് സാധാരണയാണ്. സന്ധിവേദന, പേശിവലിവ് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ കൂടും, പ്രത്യേകിച്ച് പ്രായമായ ആളുകളില്‍. നേരത്തെയുണ്ടായിരുന്ന വേദനകള്‍ പതിവിലും കൂടുതലായി അലട്ടിത്തുടങ്ങുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
വേണ്ടത്ര സൂര്യപ്രകാശം ഏല്‍ക്കാത്തത് ഇത്തരം വേദനകള്‍ കൂടാന്‍ ഒരു കാരണമാണ്. പേശികളുടെയും ലിഗമെന്റുകളുടെയും വഴക്കം കുറയുന്നതുകൊണ്ട് ചെറുതായി എന്തെങ്കിലും ചെയ്യുമ്പോള്‍ തന്നെ ക്ഷിണവും പേശിവേദനയും ഉണ്ടാകും. അതുകൊണ്ട് എല്ലാദിവസവും ശരീരത്തിന് ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം.
ധാരാളം വെള്ളം
എല്ലാ കാലാവസ്ഥയിലും വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്, പക്ഷെ തണുപ്പുകാലം തുടങ്ങുന്നതോടെ ഇത് പലരും മറന്നുപോകാറുണ്ട്. ശരീരത്തിലെ ജലാംശം കുറയുന്നത് സന്ധിവേദനയ്ക്കും പേശിവേദനയ്ക്കും കാരണമാകും.
ഭക്ഷണം
വൈറ്റമിന്‍ സി, ഡി, കെ എന്നിവ അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കാന്‍ ശ്രദ്ധിക്കണം. ചീര, കാബേജ്, തക്കാളി, ഓറഞ്ച് തുടങ്ങിയവയില്‍ എല്ലുകളെയും സന്ധികളെയും ബലപ്പെടുത്താന്‍ ആവശ്യമായ ധാരാളം കാല്‍സ്യവും മറ്റു ധാതുക്കളും അടങ്ങിയിട്ടുണ്ട്. പാല്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി സമീകൃതമായ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ആഹാരക്രമമാണ് ശീലമാക്കേണ്ടത്. ശരീരത്തിലെ സെറോടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കണം. നട്ട്‌സ്, പച്ച ഇലക്കറികള്‍, മുട്ട, ചിക്കന്‍ തുടങ്ങിയവയെല്ലാം ഇതിന് നല്ലതാണ്.
ജീവിതചര്യയിലും മാറ്റം
ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ചൂടുവെള്ളത്തില്‍ ഒന്ന് കുളിക്കുന്നത് നല്ലതാണ്. ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചൂട് പാല് കുടിക്കാനും വിദഗ്ധര്‍ പറയുന്നു. ഉറക്കം ശരിയായാല്‍ തന്നെ പേശി വേദനയടക്കമുള്ള പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ശമിക്കും. ആഴത്തിലുള്ള ഉറക്കം കിട്ടിയില്ലെങ്കില്‍ പിറ്റേ ദിവസം രാവിലെ കൂടുതല്‍ ശാരീരിക ബുദ്ധിമുട്ടുകളുമായായിരിക്കും നിങ്ങള്‍ ഉറക്കമുണരുക.
വ്യായാമം
പേശികള്‍ക്ക് അയവ് കിട്ടാനും സന്ധിവേദന കുറയ്ക്കാനും ദിവസവും സ്‌ട്രെച്ചിങ് ചെയ്യാം. കാല്‍മുട്ടുവേദന പോലുള്ള പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. പതിവ് വ്യായാമങ്ങള്‍ കൂടാതെ സൈക്ലിങ്, നടത്തം, എയ്‌റോബിക്‌സ്, നീന്തല്‍ തുടങ്ങിയവ ആരോഗ്യവും വഴക്കവും സമ്മാനിക്കും.