ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ എത്തുമ്പോള്‍ അഖിലേഷും മായവതിയും പങ്കെടുക്കുമോയെന്നു കാത്തിരുന്നു കാണാമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഒമ്പതു ദിവസത്തെ ഇടവേളയ്ക്കുശേഷം ജനുവരി മൂന്നിനാണ് യു.പിയില്‍നിന്ന് ഭാരത് ജോഡോ യാത്രയുടെ പര്യടനം പുനരാരംഭിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബി.എസ്.പി. അധ്യക്ഷ മായാവതി, ആര്‍.എല്‍.ഡി. നേതാവ് ജയന്ത് ചൗധരി എന്നിവരെ യാത്രയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയില്‍ യു.പിയിലെ പ്രധാനപ്രതിപക്ഷ നേതാക്കള്‍ അണിനിരന്നേക്കില്ലെന്നാണു ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ്, കാത്തിരുന്നു കാണാമെന്ന് ജയ്‌റാം രമേശ് മറുപടി നല്‍കിയത്.
‘ഈ അവസരത്തില്‍ ഞാന്‍ യാതൊരു നിമഗനത്തിനും തയാറല്ല. യാത്ര ആരംഭിക്കുന്നതുവരെ കാത്തിരിക്കാമെന്നാണു കരുതുന്നത്. ആരൊക്കെ പങ്കെടുക്കുമെന്നും ആരൊക്കെ വരില്ലെന്നതും അപ്പോള്‍ അറിയാമെന്നും ജയ്‌റാം രമേശ് പറഞ്ഞു.
എസ്.പി. നേതാവ് അഖിലേഷ് യാദവ് ജോഡോ യാത്രയില്‍ പങ്കെടുത്തേക്കില്ലെന്നാണു സൂചന. പകരം പാര്‍ട്ടിയിലെ മറ്റൊരു നേതാവിനെ പ്രതിനിധിയായി അയയ്ക്കുമോയെന്ന കാര്യവും വ്യക്തമല്ല. നേരത്തേ നിശ്ചയിച്ച ചില പരിപാടികളുള്ളതിനാല്‍ രാഹുലിന്റെ യാത്രയില്‍ പങ്കെടുക്കാനാകില്ലെന്ന് ആര്‍.എല്‍.ഡി. നേതാവ് ജയന്ത് ചൗധരി പറഞ്ഞു. എന്നാല്‍, യാത്രയെ ആര്‍.എല്‍.ഡി. പിന്തുണയ്ക്കുന്നുവെന്ന് പാര്‍ട്ടി വക്താവ് രോഹിത് ജാഖര്‍ പറഞ്ഞു.