ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ ബി.എഫ്.7 ഭീതി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഇന്ന് മോക്ക് ഡ്രിൽ നടത്തും. ഓക്സിജൻ ഉത്പാദന യൂണിറ്റുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാണോ എന്ന് വിലയിരുത്താൻ കൂടിയാണ് മോക്ഡ്രിൽ. ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമായാണ് മോക്ക് ഡ്രിൽ. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് സമഗ്ര പരിശോധന. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് സഫ്ദർജംഗിലെ കേന്ദ്ര സർക്കാർ ആശുപത്രിയിൽ നേരിട്ടെത്തി പരിശോധന നടത്തും.
മോക്ക് ഡ്രില്‍ നടത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ നിര്‍ദേശം നൽകിയിരുന്നു. ഇന്ന് വൈകീട്ട് തന്നെ ഫലം അപ്ലോഡ് ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.
ഓരോ സംസ്ഥാനങ്ങളിലുമുളള ഐസൊലേഷന്‍ വാര്‍ഡുകളുടെയും ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങളുടെയും ലഭ്യത ഇതിലൂടെ പരിശോധിക്കും. കോവിഡ് സൗഹചര്യം നേരിടാന്‍ ആവശ്യമായ ഡോക്ടര്‍മാരേയും നഴ്സുമാരേയും മറ്റ് ആരോഗ്യ ജീവനക്കാരേയും ഉറപ്പുവരുത്തുക, കോവിഡ് ടെസ്റ്റ് കേന്ദ്രങ്ങള്‍, മരുന്നുകള്‍, മാസ്ക്, പിപിഇ കിറ്റ്, മെഡിക്കല്‍ ഓക്സിജന്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും മോക്ക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നു.