തിരുവനന്തപുരം: ആഴിമലയിലെ കിരണിന്റെ ദുരൂഹ മരണം ആത്മഹത്യയെന്ന് പോലീസ്. കിരണിന്റേത് കൊലപാതകമോ, അപകടമരണമോ അല്ല. പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പോലീസ് പറഞ്ഞു. കാമുകിയെ കാണാനെത്തിയ കിരണിനെ കടലില്‍ കാണാതാകുകയായിരുന്നു.
കാമുകിയുടെ ബന്ധുക്കളുടെ മര്‍ദ്ദനവും പ്രണയനൈരാശ്യവും ജീവനൊടുക്കാന്‍ കാരണമായതായി പോലീസ് പറയുന്നു. കഴിഞ്ഞ ജൂലൈ 9 നാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ മൊട്ടമൂട് സ്വദേശി കിരണിനെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ തട്ടികൊണ്ടുപോയതിന് ശേഷം കിരണിനെ ആഴിമല കടലില്‍ കാണാതാവുകയായിരുന്നു. 22 ദിവസത്തിനുശേഷം കുളച്ചല്‍ തീരത്ത് നിന്നാണ് കിരണിന്റെ മൃതദേഹം കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയിലാണ് മൃതദേഹം കിരണിന്റെതെന്ന് സ്ഥിരീകരിച്ചത്. പോലീസിന്റെ കുറ്റപത്രത്തിലാണ് കിരണിന്റേത് ആത്മഹത്യയാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസെടുക്കുന്നതിനുള്ള തെളിവുണ്ട് എന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കാമുകിയെ കാണാന്‍ ആഴിമലയിലെത്തിയ കിരണിനെ, യുവതിയുടെ ബന്ധുക്കള്‍ കാറില്‍ തട്ടിക്കൊണ്ടു പോകുന്നതിന്റെയും, പിന്നീട് കിരണ്‍ കാറില്‍ നിന്നിറങ്ങി ഓടുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
കാറില്‍ നിന്നിറങ്ങിയ കിരണ്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തു എന്നാണ് പോലീസ് വിശദീകരിക്കുന്നത്. എന്നാല്‍, കൊലപാതകമാണെന്നാണ് കിരണിന്റെ കുടുംബം ആരോപിക്കുന്നത്. കിരണിന് വെള്ളം പേടിയാണ്. അതിനാല്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം പറയുന്നു.