ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുന്നതിനോ സംശയങ്ങള്‍ പങ്കുവയ്ക്കുന്നതിനോ എല്ലാം ഇന്നും വിഷമം വിചാരിക്കുന്നവരാണ് നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ പേരുമെന്ന് പറയാം. ആരോഗ്യവുമായി സംബന്ധിക്കുന്ന ഏതൊരു വിഷയവും പോലെ തന്നെ പ്രധാനവും അത്ര തന്നെ സാധാരണവുമാണ് ലൈംഗികതയെന്നത് പലര്‍ക്കും ഉള്‍ക്കൊള്ളാൻ സാധിക്കുന്നില്ലെന്നതാണ് വാസ്തവം.
ലൈംഗികതയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേര്‍ അഭിമുഖീകരിക്കുന്നൊരു പ്രശ്നമാണ് ലൈംഗികതാല്‍പര്യം കുറയുന്നത്. ഇത് സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ഒരുപോലെ ബാധിക്കുന്നതാണ്. ജീവിതരീതികളില്‍ ചിലത് ശ്രദ്ധിക്കുന്നതോടെ ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തില്‍ ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കുന്നതിന് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചിലതാണിനി പങ്കുവയ്ക്കുന്നത്.
- ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കുന്നതിനും വന്ധ്യത സംബന്ധിച്ച പ്രശ്നങ്ങള്‍ അകറ്റുന്നതിനുമായി പ്രോബയോട്ടിക് ഫുഡ്, പ്രീബയോട്ടിക് ഫുഡ് എന്നീ വിഭാഗത്തിൽപെടുന്ന ഭക്ഷണങ്ങള്‍ പതിവായി കഴിക്കുക. തൈര്, ആപ്പിള്‍, വെളുത്തുള്ളി, ഉള്ളി എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഫൈബര്‍ നല്ലരീതിയില്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പ്രധാനമായും ഇവയെല്ലാം വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാണ് സഹായിക്കുന്നത്. ഇതുവഴിയാണ് ലൈംഗികാരോഗ്യത്തെയും സ്വാധീനിക്കുന്നത്.
- ലീൻ പ്രോട്ടീൻ അഥവാ (ബീൻസ്, ചിക്കൻ, ലീൻ ബീഫ്) എന്നിവയെല്ലാം കഴിക്കാവുന്നതാണ്. എണ്ണമയം കൂടുതലായി അടങ്ങിയ മീൻ, ആരോഗ്യകരമായ കൊഴുപ്പുകള്‍ (നട്ട്സ്, സീഡ്സ്, ഒലിവ് ഓയില്‍, അവക്കാഡോ), ധാന്യങ്ങള്‍ എന്നിവയെല്ലാം കഴിക്കാം. ഇവയെല്ലാം ലൈംഗികാരോഗ്യത്തെ പോസിറ്റീവ് ആയി സ്വാധിനിക്കുന്നതാണ്.
- ധാരാളം പച്ചക്കറികളും ഡയറ്റിലുള്‍പ്പെടുത്തേണ്ടതുണ്ട്. പല നിറത്തിലുള്ള പച്ചക്കറികളും ഇതിനായി തെരഞ്ഞെടുക്കണം. നിറം എന്നത് പലപ്പോഴും ഇതിലടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങളുടെ സൂചനയാണ്.
- ഇന്ന് മിക്കവരും പതിവായി പ്രോസസ് ഫുഡ്, ജങ്ക് ഫുഡ് എന്നിവയെല്ലാം കഴിക്കുന്നവരാണ്. അതുപോലെ തന്നെ കൃത്രിമമധുരം കാര്യമായി അടങ്ങിയ ഭക്ഷണങ്ങളും കൂടുതല്‍ കഴിക്കാറുണ്ട്. ഇവയും മദ്യവുമെല്ലാം പരമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ലെങ്കില്‍ അത് ലൈംഗികാരോഗ്യത്തെയും ബാധിക്കാം. കഴിവതും വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം, അതും ബാലൻസ്ഡ് ആയി കഴിക്കാൻ ശ്രമിക്കുക.