തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: അതി തീവ്ര ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിൽ കനത്ത മഴക്ക് സാധ്യതയെന്നു മുന്നറിയിപ്പ്. ഇതേത്തുടർന്നു മൂന്ന് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലെർട് പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക തീരത്തിനു സമീപമാണ് അതിതീവ്ര ന്യൂനമർദം രൂപപ്പെട്ടത്. തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദ്ദം ശ്രീലങ്കയിലെ ട്രിങ്കോമാലി വഴി കരയിൽ പ്രവേശിച്ച ശേഷം കോമോറിൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതിന്റെ ഫലമായി തെക്കൻ കേരളത്തിൽ ഡിസംബർ 26 ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
ഇത് പ്രകാരം മൂന്ന് ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
- 26-ന് തമിഴ്നാട് തീരം, കോമോറിൻ പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, പടിഞ്ഞാറന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളിൽ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കി.മീ വരെ വേഗതയിലും തെക്ക് കിഴക്കൻ അറബിക്കടൽ ഭാഗങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
- 27ന് കോമോറിൻ പ്രദേശം, തെക്ക് കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
- 28- ന് : ലക്ഷദ്വീപ് പ്രദേശം അതിനോട് ചേർന്നുള്ള തെക്ക് കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.