CrimeNEWS

ഭൂമി തർക്കത്തെത്തുടർന്ന് വെടിവെപ്പ്; അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു, ഒരാൾ അറസ്റ്റിൽ

പട്ന: ബിഹാറിൽ ഭൂമി സംബന്ധിച്ച തർക്കത്തിനിടെ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു. എല്ലാവരും ​അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുകയാണ്. ബിഹാറിലെ ബേട്ടിയ ജില്ലയിലാണ് സംഭവം.  ഉത്തരവാദിയെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ നക്തി പട്‌വാര ഗ്രാമത്തിൽ സ്ത്രീകൾ പ്രതിഷേധവുമായി ഇറങ്ങിയതോടെയാണ് വെടിവെയ്പ്പ് ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

1985-ൽ സർക്കാർ,  ഭൂരഹിതരായ തൊഴിലാളികൾക്കുള്ള ഗ്രാന്റിന്റെ ഭാഗമായാണ് ഭൂമി തങ്ങൾക്ക് നൽകിയതെന്ന് ഗ്രാമവാസികൾ അവകാശപ്പെടുന്നു. കുടിയിറക്കപ്പെട്ടവർ തങ്ങളുടെ അവകാശവാദം ഉന്നയിച്ചതോടെ വിഷയം കോടതിയിലേക്ക് നീങ്ങി. 2004 മുതൽ കോടതി ഈ ഭൂമിയിന്മേലുള്ള നടപടികൾ മരവിപ്പിച്ചു. എന്നാൽ ഇന്നലെ രാവിലെ സ്ഥലത്തിന്റെ മുൻ ഉടമ ശിശിർ ദുബെ ട്രാക്ടർ കൊണ്ടുവന്ന് ബലമായി നിലം ഉഴുതുമറിക്കാൻ ശ്രമിച്ചു. സ്ത്രീകൾ എതിർപ്പുമായി എത്തിയപ്പോൾ ഇയാൾ തോക്ക് പുറത്തെടുത്ത് വെടിയുതിർക്കുതയും അഞ്ച് പേർക്ക് പരിക്കേൽക്കുകയുമായിരുന്നു.

Signature-ad

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി. തുടർന്ന് പൊലീസ് സംഘത്തെ വിന്യസിച്ച് പ്രദേശത്ത് പരിശോധന നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. “പൊലീസ് മുഴുവൻ കാര്യങ്ങളും അന്വേഷിക്കുകയാണ്.  ഇത് ആരുടെ ഭൂമിയാണ് എന്ന് വിശദമായി പരിശോധിക്കുന്നുണ്ട്.  വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു,” ബേട്ടിയ പൊലീസ് സൂപ്രണ്ട് ഉപേന്ദ്രനാഥ് വർമ ​​പറഞ്ഞു. വെടിവയ്പ്പിന് ഉപയോഗിച്ച തോക്ക് ഫോറൻസിക് വിഭാഗം പരിശോധിച്ച് ഫലത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കും.

 

Back to top button
error: