തിരുവനന്തപുരം: സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറ് മരണം. കൊല്ലം കുണ്ടറയിലും കോഴിക്കോട് കാട്ടിലെ പീടികയിലുമായി നാല് യുവാക്കൾ അപകടത്തില് മരിച്ചു. കണ്ണൂരിൽ ബൈക്ക് മറിഞ്ഞ് യുവതിയും ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ് പത്തൊമ്പതുകാരനും മരിച്ചു. കുണ്ടറ പെരുമ്പുഴ സൊസൈറ്റി മുക്കിൽ നിയന്ത്രണം വിട്ട് അമിതവേഗത്തിലെത്തിയ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് യുവാക്കൾ മരിച്ചത്. കടല്‍ത്തീരത്ത് ക്രിസ്മസ് ആഘോഷിക്കാനെത്തിയ മൂന്ന് പേരെ കാണാതായി. ഒരാള്‍ മരിച്ചു. പുത്തന്‍തോപ്പില്‍ രണ്ട് പേരെ കാണാതായപ്പോള്‍ അഞ്ച്തെങ്ങില്‍ ഒരാളെയാണ് കാണാതായത്. തുമ്പയിലാണ് ഒരാള്‍ കടലില്‍ മുങ്ങി മരിച്ചത്.
അഞ്ചുതെങ്ങിൽ മാമ്പള്ളി സ്വദേശി സാജൻ ആന്റണി (34) യെയാണ് കാണാതായത്. വൈകീട്ടാണ് ഈ രണ്ട് അപകടങ്ങളും ഉണ്ടായത്. ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും. ഉച്ചയ്ക്ക് തുമ്പയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായിരുന്നു. ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോ ആണ് മരിച്ചത്. കടലിൽ പോയ ഫ്രാങ്കോയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാണാതായവര്‍ക്കുള്ള തെരച്ചില്‍ മല്‍സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും രാവിലെ വീണ്ടും തുടങ്ങും.