കോട്ടയം : ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൽ പൊട്ടിത്തെറിക്ക് പിന്നാലെ ഭദ്രാസനം മെത്രാപ്പോലീത്തക്കെതിരെ പരാതിയുമായി ഒരു വിഭാഗം. ഭദ്രാസന മെത്രാപ്പോലീത്ത വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നതായി ആരോപിച്ച് കത്തോലിക്കാബാവയ്ക്ക് പരാതി നൽകാനാണ് ഒരു വിഭാഗം യുവജന സംഘടന പ്രവർത്തകർ ഒരുങ്ങുന്നത്.
കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത വിഭാഗീയ പ്രവർത്തനങ്ങൾ നടത്തി നിയമനങ്ങൾ നടത്തുന്നതായാണ് ആരോപണം. മെത്രാപ്പോലീത്ത യുവാക്കളുടെ വികാരം മനസിലാക്കു ന്നില്ലന്നും കൂടിയാലോചനകൾ ഇല്ലാതെ പ്രവർത്തിക്കുന്നതായുമാണ് യുവജന സംഘടന തലപ്പത്തുനിന്നും ആരോപണം ഉയർന്നിരിക്കുന്നത്. മുൻപും ഇപ്പോഴും ഭദ്രാസന സെക്രട്ടറിമാരെ നിയമിച്ചത് കൂടിയാലോചനകൾ ഇല്ലാതെയാണെന്നാണ് ആരോപണം. മുൻപ് നിയമിച്ച ആളെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ പുറത്താക്കുക പോലും ചെയ്തിരുന്നു.
മുൻപ് ഇത്തരത്തിൽ നിയമിച്ച ഓർഗനൈസർമാരിൽ പലരും സ്ഥാനമൊഴിയുകയും ചെയ്തിരുന്നു. കഴിവും കാര്യശേഷിയുള്ളവരെയും ഓർഗനൈസർമാരായും സെക്രട്ടറിമാരായും കണ്ടെത്തുന്നതിലും നിയമിക്കുന്നതിലും പരാജയപ്പെട്ടിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ ഓർഗനൈസർമാരെ നിയമിക്കുന്നതിന് മുൻപായി ഡിസ്ട്രിക്ട് തലത്തിലുള്ള യുവജന നേതാക്കളോട് യാതൊരുവിധ കൂടിയാലോചനകളും തിരുമേനി നടത്തുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
കഴിവും പ്രാപ്തിയും സംഘടനാ മികവും തെളിയിച്ച പല യുവജന നേതാക്കളെയും ഭാരവാഹിത്വത്തിൽ നിന്നും തഴയുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനു പിന്നിൽ വ്യക്തി താല്പര്യമാണെന്നാണ് യുവാക്കൾ ആരോപിക്കുന്നത്. ഇതിനെതിരെ പരിശുദ്ധ കാത്തോലിക്ക ബാവയെ സമീപിച്ച് പരാതി നൽകാൻ ഒരുങ്ങുകയാണ് യുവജന സംഘടനയിലെ ഒരു വിഭാഗം. തങ്ങളുടെ താല്പര്യം ഉള്ള ആളുകളെ ഭാരവാഹിത്വത്തിൽ കുത്തിതിരുകി യുവജന സംഘടനയെ ഹൈജാക്ക് ചെയ്യാൻ വൈദികർ ശ്രമിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.
കാര്യമായ കൂടിയാലോചനകളും ചർച്ചകളും ഇല്ലാതെ കലോത്സവം നടത്തിയതും വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. കാര്യമായ യുവജന സംഘടന ഭാരവാഹികളുടെ പങ്കാളിത്തം ഇല്ലാതെ കലോത്സവം നടത്തിയതിനാൽ പങ്കാളിത്തം കുറവായിരുന്നു എന്നാണ് ആരോപണം.