മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായ തൊടുപുഴ കാരിക്കോട് ഗവണ്‍മെന്റ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മായ രാജനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കാതെ വീഡിയോ കോണ്‍ഫ്രന്‍സിങിലൂടെയായിരുന്നു നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇന്നലെ രാവിലെ 11 ഓടെ കേസ് പരിഗണിച്ച ജഡ്ജി പി.പി. സൈയ്തലവി ഡോക്ടറെ റിമാന്റ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ജനുവരി 5 വരെയാണ് ജ്യുഡീഷ്യല്‍ കസ്റ്റഡി. ഗര്‍ഭപാത്രം നീക്കം ചെയ്ത യുവതിക്ക് തുടര്‍ ചികിത്സ നല്‍കുന്നതിന് 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ യുവതിയുടെ ഭര്‍ത്താവ് വിജിലന്‍സിനെ സമീപിച്ചു. തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് വിജിലന്‍സ് നല്‍കിയ 3500 രൂപ പരാതിക്കാരന്‍ ഡോക്ടറുടെ വീട്ടില്‍ എത്തിച്ച് നല്‍കി. ഈ പണം കൈപ്പറ്റുന്നതിനിടെയാണ് ഡോക്ടര്‍ പിടിയിലായത്. അഴിമതിക്കും കൈക്കൂലിക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുകയാണ്.