തിരുനെല്ലി: വയനാട് തിരുനെല്ലി തെറ്റ് റോഡിൽ ബസ് തടഞ്ഞു നിർത്തി ഒന്നര കോടിയോളം കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് രാമനാട്ടുകര സ്വദേശി മുഹമ്മദ് ഷാഫിയെ ആണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം 14 ആയി. കഴിഞ്ഞ ഒക്ടോബർ അഞ്ചിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സിലെ യാത്രക്കാരാനായ മലപ്പുറം സ്വദേശിയാണ് കവർച്ചക്കിരയായത്. 1.40 കോടി രൂപ കവർന്നെന്നാണ് മലപ്പുറം സ്വദേശി പൊലീസിൽ നൽകിയ പരാതി.
കേസിൽ കഴിഞ്ഞ മാസം 29ന് രണ്ട് പേരെ ആലപ്പുഴയിൽ നിന്ന് പിടികൂടിയിരുന്നു. ആലപ്പുഴ മുതുകുളം സ്വദേശികളായ ചീപ്പാട് ഷജീന മൻസിലിൽ ഷാജഹാൻ (36), കളിയ്ക്കൽ അജിത്ത് (30) എന്നിവരെയാണ് മാനന്തവാടി ഡി വൈ എസ് പി ചന്ദ്രൻ എ പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. ഒക്ടോബർ 5 ന് പുലർച്ചെയാണ് ഇന്നോവ കാറിലെത്തിയ 7 അംഗ സംഘം സ്വകാര്യ ബസ് യാത്രക്കാരൻറെ കൈയിൽ നിന്നും ഒന്നരക്കോടിയോളം രൂപ കവർന്നത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവയിൽ പൊലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ചിരുന്നു.
ഇന്നോവയിലെത്തിയ സംഘം ബസ് തടഞ്ഞ് നിർത്തിയാണ് തിരൂർ സ്വദേശിയായ യാത്രക്കാരനിൽ നിന്നും ഒരു കോടി നാലപ്പത് ലക്ഷം രൂപ കവർന്നത്. കാറിൽ വന്നവർ കഞ്ചാവ് പിടികൂടാൻ വന്ന പൊലീസ് ഉദ്യോഗസ്ഥരാണെന്നാണ് മറ്റ് യാത്രക്കാരോട് പറഞ്ഞത്. വയനാട് സ്വദേശികളായ സുജിത്ത്, ജോബിഷ്, എറണാകുളം സ്വദേശി ശ്രീജിത്ത് വിജയൻ, കണ്ണൂർ സ്വദേശി സക്കീർ ഹുസൈൻ എന്നിവരെ നേരത്തെ കർണാടക മാണ്ഡ്യയിൽ നിന്നും മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് മൂന്ന് പേരെ കൂടി കണ്ടെത്താൻ കഴിഞ്ഞത്.