പരാതികളുടെ അടിസ്ഥാനത്തിൽ വാട്സ്ആപ്പ് ആക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് പതിവാണ്. എന്നാൽ ഇക്കുറി നവംബറിൽ ഇന്ത്യയിൽ നിരോധിച്ചത് 37 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകളെന്നു റിപ്പോർട്ട്. മുൻ മാസത്തെ അപേക്ഷിച്ചു 60 ശതമാനം വർധന!
നവംബറിൽ ഇന്ത്യയിലെ 37.16 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായാണ് ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. മുൻപ് നിരോധിച്ച അക്കൗണ്ടുകളെക്കാൾ 60 ശതമാനം കൂടുതലാണ് ഇക്കുറി. രാജ്യത്ത് നിരോധിച്ച വാട്സാപ്പ് അക്കൗണ്ടുകളിൽ 9.9 ലക്ഷം അക്കൗണ്ടുകളും ഉപയോക്താക്കൾ ഫ്ലാഗ് ചെയ്യുന്നതിന് മുമ്പ് തന്നെ തടഞ്ഞതാണ്.
കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന കർശനമായ ഐടി നിയമങ്ങൾ പ്രകാരം വലിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ (50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള) എല്ലാ മാസവും കംപ്ലയിൻസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണം. ലഭിച്ച പരാതികളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങളും പരാമർശിക്കേണ്ടതുണ്ട്. ഒക്ടോബർ മാസത്തെക്കാൾ കൂടുതൽ പരാതികൾ നവംബറിൽ ഉപയോക്താക്കളിൽ നിന്ന് വാട്ട്സാപ്പിന് ലഭിച്ചിരുന്നു. നവംബറിൽ ഉപയോക്താക്കളിൽ നിന്ന് 946 പരാതികളാണ് ലഭിച്ചത്. അതിൽ 830 എണ്ണം അക്കൗണ്ടുകൾ നിരോധിക്കുന്നതിനുള്ള അപ്പീലിൽ ഉൾപ്പെടുന്നവയാണ്. അതിൽ 73 അക്കൗണ്ടുകൾക്കെതിരെ മാത്രമാണ് നടപടിയെടുത്തത്.